രാജിവയ്ക്കില്ല, മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിച്ച് അഞ്ച് വര്‍ഷം മാറിനില്‍ക്കും: ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് തന്നെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയ മാനേജ്മെന്റ് തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് ലക്ഷ്മി നായര്‍. തന്നെ മാറ്റിയതിനെതിരെ ഒരുവിധത്തിലുള്ള നിയമനടപടിക്കുമില്ലെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.

മാനേജ്മെന്റിന്റെ തീരുമാനത്തിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിക്കില്ല, മാനേജ്മെന്റ് എടുത്ത എല്ലാ തീരുമാനങ്ങളും അംഗീകരിക്കുന്നു. അക്കാദമിയുടെ കീഴിലുള്ള ലോ റിസര്‍ച്ച് സെന്ററില്‍ നിയമന ഉത്തരവ് ലഭിച്ചാല്‍ ചുമതലയേല്‍ക്കും.
എല്ലാം കരാറില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ പ്രവര്‍ത്തിക്കും. താന്‍കൂടി അറിഞ്ഞാണ് കരാര്‍ ഉണ്ടാക്കിയത്. രേഖാമൂലം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ 17 ഉറപ്പുകളില്‍ ഒന്നിനെതിരെയും നിയമനടപടിക്കില്ലെന്ന് ലക്ഷ്മിനായര്‍ അറിയിച്ചു. അറിയാതെ ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. അച്ഛന്‍ പറയുന്നത് പോലെ പ്രവവര്‍ത്തിക്കും. ലക്ഷ്മി നായര്‍ വ്യക്തമാക്കി.
പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അഞ്ചു വര്‍ഷത്തേക്ക് താന്‍ മാറിനില്‍ക്കുകയാണെന്നും സ്ഥാനം രാജിവയ്ക്കില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും അധ്യാപക ജോലിയില്‍ നിന്നും മാറിനില്‍ക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും ധാരണയായത്. അഞ്ചു വര്‍ഷത്തേക്ക് മാറി നില്‍ക്കാന്‍ മാനേജ്മെന്റും തന്നോട് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് തന്റെ തീരുമാനമെന്നും അവര്‍ പറഞ്ഞു.
തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. താന്‍ ജാതിപ്പേര് വിളിച്ച് ഒരു വിദ്യാര്‍ഥിയെയും അധിക്ഷേപിച്ചിട്ടില്ല. ജാതിപ്പേര് വിളിച്ചുവെന്നു തനിക്കെതിരേ തെറ്റായ പരാതി നല്‍കിയത് ഒരു എഐഎസ്എഫ് നേതാവാണ്. വാസ്തവ വിരുദ്ധമായ പരാതിയാണിത്. തന്റെ 27 വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടെ ഒരു കുട്ടിയെയും താന്‍ ജാതിപറഞ്ഞ് ആക്ഷേപിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
എസ്എഫ്ഐയെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ചുവെന്ന ആക്ഷേപം തെറ്റാണ്. എല്ലാ വിദ്യാര്‍ഥി സംഘടനകളെയും ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. എന്നാല്‍ എസ്എഫ്ഐ മാത്രം ചര്‍ച്ചയുമായി സഹകരിക്കുകയും മറ്റെല്ലാ സംഘടനകളും ബഹിഷ്‌കരിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളുടെ നന്മയെ കരുതിയാണ് താന്‍ ലോ അക്കാദമിയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും എല്ലാ തീരുമാനങ്ങളും മാനേജ്മെന്റ് അറിഞ്ഞാണ് സ്വീകരിച്ചതെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.
തനിക്ക് പ്രിന്‍സിപ്പല്‍ സ്ഥാനം വഹിക്കാനുള്ള അക്കാദമിക് യോഗ്യതയില്ലെന്ന ആക്ഷേപവും അവര്‍ തള്ളി. പ്രിന്‍സിപ്പല്‍ സ്ഥാനത്തിനു വേണ്ട യോഗ്യതയെല്ലാം തനിക്കുണ്ട്. പാചകം ചെയ്തല്ല താന്‍ ഡോക്ടറേറ്റ് നേടിയതെന്നും ഒരു സ്ത്രീ എന്ന പരിഗണന പോലും തരാതെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ ചിലര്‍ മോശമായി ചിത്രീകരിക്കുകയാണെന്നും ലക്ഷ്മി നായര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top