ലോ അക്കാദമിക്കെതിരെ സര്‍വ്വകലാശാല ഉപസമിതി; കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍ നല്‍കിയതിലും വിവേചനം കാണിച്ചു.

 

തിരുവനന്തപുരം: കടുത്ത വിവേചനത്തോടുകൂടി വിദ്യാര്‍ത്ഥികളോട് പെരുമാറുന്നതെന്ന് ആരോപണമുയര്‍ന്ന ലോ അക്കാഡമിയും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരും കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് നീങ്ങുന്നു. സമരം ശക്തിപ്പെടുന്നതിനൊപ്പം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് സര്‍വകലാശാല ഉപസമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

കേരള സര്‍വകലാശാലാ ചട്ടങ്ങള്‍ക്കും യു.ജി.സി വ്യവസ്ഥകള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ അക്കാദമിയില്‍ നടന്നിട്ടുണ്ട്. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാസ്തവമാണെന്ന് സമിതി നിഗമനത്തിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍ നല്‍കിയതിലും പക്ഷപാതം കാണിച്ചതായി സമിതി സ്ഥിരീകരിച്ചു. ലേഡീസ് ഹോസ്റ്റലില്‍ കുട്ടികളുടെ സ്വകാര്യതയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടന്നുവെന്നുള്ള ആരോപണവും സത്യമാണെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് സമിതി മൂന്നുദിവസം ഇതുസംബന്ധിച്ച് തെളിവെടുപ്പ് നടത്തി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ കേട്ടു. കണ്ടെത്തിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളിയാഴ്ച സമിതി റിപ്പോര്‍ട്ട് തയ്യാറാക്കും എന്നാണ് അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതെസമയം, ലോ അക്കാദമിക്ക് സര്‍വകലാശാല അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ കേരള സര്‍വകലാശാലയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ പക്ഷപാതം കാട്ടുന്നുവെന്നും, അതിനാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ സമരം തുടരുകയാണ്.

 

Top