കാട്ടാക്കട: മുഖ്യമന്ത്രിയുടെ വേദിയിലേക്ക് പാഞ്ഞടുക്കാന്‍ ശ്രമിച്ച മുന്‍ നേവി ഉദ്യോഗസ്ഥനെ പൊലീസ് പിടികൂടി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട്, വിദ്യാകിരണം മിഷനില്‍ നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം പൂവച്ചല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമ്പോഴായിരുന്നു സംഭവം. കാട്ടാക്കട കാനക്കോട് ക്രിസ്തുരാജ ഭവനില്‍ മിനികുമാറിനെയാണ് പിടികൂടിയത്.
മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷ പ്രസംഗം തുടങ്ങിയ ശേഷമാണ് പുറകില്‍ നിന്ന ഇയാള്‍ സ്റ്റേജിന്റെ മുന്നിലേക്ക് എത്തിയത്. കഴിഞ്ഞ ആറാംതീയതി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഇയാളുടെ കൈയിലുണ്ടായിരുന്നു.
കത്തിന് മറുപടി ലഭിക്കാതായതോടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. പത്ത് വര്‍ഷം മുമ്പ് നേവിയില്‍ നിന്ന് വിരമിച്ചശേഷം വി.എസ്.എസ്.സിയില്‍ പാചകക്കാരനായി ജോലിചെയ്യുകയായിരുന്നു. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് കാട്ടാക്കട പൊലീസ് പറഞ്ഞു.
പൊലീസ് പിടികൂടിയതറിഞ്ഞ് എത്തിയ ഭാര്യ ചികിത്സാ രേഖകള്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മക്കളുമുണ്ട്. കത്തില്‍ നിന്ന് കെ.റെയില്‍ നാടിന് അനിവാര്യമാണെന്നും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും ദൃഢനിശ്ചയവും വളരെ ഇഷ്ടമാണെന്നുമാണ് മിനികുമാര്‍ കത്തില്‍ പറയുന്നത്.
ഇ.ശ്രീധരന്‍ എന്ന കഴിവുള്ള എന്‍ജിനീയറെ അവഗണിക്കരുത്. ജില്ലാ സമ്മേളനം ജനുവരിയില്‍ കഴിഞ്ഞിട്ടും ഇപ്പോഴും അങ്ങയുടെ പൂര്‍ണകായ കട്ടൗട്ടുകളും ഫ്‌ളക്‌സുകളും നിറഞ്ഞുനില്‍ക്കുകയാണ്. ഇതെല്ലാം അടിയന്തരമായി മാറ്റുവാന്‍ കനിവുണ്ടാകണമെന്നും കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി പങ്കെടുത്ത വിദ്യാകിരണ്‍ പദ്ധതിയുടെ ഉദ്ഘാടന വേദിയിലേക്ക് അതിക്രമിച്ചുകയറിയ മിനികുമാറിനെ പിടികൂടി വാഹനത്തിലേക്ക് എത്തിക്കുന്നതിനിടെ ജനക്കൂട്ടം ആക്രമിച്ചു. മര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും പൊലീസ് ഉദ്യോഗസ്ഥന്‍ പതറാതെ സുരക്ഷയൊരുക്കി.
പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ നിന്ന് മിനികുമാറിനെ പിടികൂടി ജീപ്പിലേക്ക് മാറ്റാനായി കൊണ്ട് പോകുമ്പോഴാണ് സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഇയാള്‍ക്കരികിലേയ്ക്ക് ഇരച്ചെത്തിയത്. ബഹളത്തിനിടെ മിനികുമാര്‍ നിലത്തു വീണു. ഇതോടെ അരുവിക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ കിരണ്‍ ശ്യാം ഇയാളുടെ പുറത്തു കിടന്ന് സുരക്ഷയൊരുക്കുകയായിരുന്നു.
തലങ്ങും വിലങ്ങും മര്‍ദ്ദനം ഏറ്റിട്ടും മിനികുമാറിനെ പൊതിഞ്ഞു പിടിച്ച് മര്‍ദ്ദനമേല്‍ക്കാതെ സുരക്ഷയൊരുക്കി. തുടര്‍ന്ന് കിരണ്‍ ശ്യാമിന്റെ നേതൃത്വത്തില്‍ മിനികുമാറിന് ചുറ്റും പൊലീസ് വലയം തീര്‍ത്ത് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു. കിരണ്‍ശ്യാമിന്റെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ട്. ബൂട്ട് പൂര്‍ണമായും കീറി നശിച്ചു.