കൊച്ചി: വിദേശ വനിതാ ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരൻ പോലീസ് കസ്റ്റഡിയിൽ . ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കോവളം സ്വദേശിയും ബീച്ചിലെ പുരുഷ ലൈംഗികത്തൊഴിലാളിയുമായ 40കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ നൽകിയ ലഹരി സിഗരറ്റ് വലിച്ച് ഉന്മത്തയായ ലിഗയെ കണ്ടൽകാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ചെറുത്തു നിന്ന ലിഗ മൽപ്പിടിത്തത്തിൽ കൊല്ലപ്പെട്ടെന്നുമാണ് കരുതുന്നത്.ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. പ്രതികളുടെ അറസ്റ്റ് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും. കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ബീച്ചിൽ ഇയാളുമായി ലിഗ സംസാരിച്ചു നിൽക്കുന്നത് കണ്ടതായി ചില യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.എസ്. പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കുറ്റസമ്മതം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവല്ലം, കോവളം സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണിയാൾ. മറ്റ് ഒൻപത് പേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നാണ് അറിയുന്നത്.
മാർച്ച് 14ന് ഓട്ടോറിക്ഷയിൽ ഗ്രോവ് ബീച്ചിൽ വന്നിറങ്ങിയ ലിഗ, കടപ്പുറത്ത് തന്നെ കണ്ടിരുന്നെന്നും സിഗരറ്റ് ചോദിച്ചപ്പോൾ കൊടുത്തെന്നും അത് പുകച്ച് അവർ ബീച്ചിലൂടെ നടന്നുപോയെന്നുമാണ് ഇയാളുടെ മൊഴി. എങ്ങോട്ടാണ് പോയതെന്ന് താൻ ശ്രദ്ധിച്ചില്ല. 36 ദിവസത്തിനുശേഷം മൃതദേഹം കണ്ടെത്തിയ വാർത്ത കേട്ടാണ് മരിച്ചത് ലിഗയാണെന്ന് മനസിലായതെന്നും ഇയാൾ മൊഴി നൽകി. പൊലീസ് ഇത് മുഖവിലയ്ക്കെടുക്കുന്നില്ല. ഇയാൾ മുൻപ് ചില ഹോട്ടലുകളിലും ബീച്ചുകളിലും വിദേശികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് വിവരം കിട്ടി. മൃതദേഹം കണ്ടെത്തിയ ചെന്തിലാക്കര കണ്ടൽക്കാട്ടിൽ പുരുഷലൈംഗിക തൊഴിലാളികൾ സ്ഥിരമായി എത്താറുണ്ടെന്നും ഇയാളെ അവിടെ കണ്ടിട്ടുണ്ടെന്നും മൊഴികളുണ്ട്.
പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയിൽ ലഭിച്ചിരുന്നില്ല. ഉമിനീരോ ലൈംഗിക സ്രവങ്ങളോ വെയിലും നനവും ഏൽക്കാതെ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാലേ ഇത്തരം തെളിവുകൾ വീണ്ടെടുക്കാനാവൂ. മഴയും വെയിലുമേറ്റാണ് ലിഗയുടെ മൃതദേഹം കണ്ടൽക്കാട്ടിൽ കിടന്നത്. മൃതദേഹത്തിന്റെ അടിഭാഗം ചെളിവെള്ളത്തിൽ മുങ്ങിയിരുന്നു. ലിഗയുടെ വസ്ത്രങ്ങൾ ഫോറൻസിക് ലാബിൽ പരിശോധിക്കുകയാണ്. ഉണങ്ങിയ സ്രവങ്ങൾ വീണ്ടെടുക്കാവുന്ന പരിശോധനകൾ നടത്തുന്നുണ്ട്. ലൈംഗിക പീഡനത്തിന്റെ തെളിവുകൾ കണ്ടെത്താൻ ആന്തരിക അവയവങ്ങൾ കെമിക്കൽ ലാബിലും പരിശോധിക്കുന്നുണ്ട്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ലിഗയുടെ മരണം കൊലപാതകമാണെന്ന് നിഗമനത്തിലെത്തിയത്.പോത്തൻകോട്ട് നിന്നും കോവളത്ത് ഓട്ടോയിലെത്തിയ ലിഗയെ ഗൈഡ് ചമഞ്ഞ് സൗഹൃദം കൂടിയെത്തിയ ആൾ മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകി കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് കസ്റ്റഡിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വിവരം ലഭിച്ചു. ലിഗയ്ക്ക് മയക്ക് മരുന്ന് കലർത്തിയ സിഗററ്റ് നൽകിയ ആളും ഇയാളുടെ സഹായിയും പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്.
ശാസ്ത്രീയ തെളിവുകളും മറ്റ് തെളിവുകളും ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. സംസ്ഥാന പോലീസിന്‍റെ അഭിമാന പ്രശ്നമായാണ് ഈ കേസിന്‍റെ അന്വേഷണം പോലീസ് സംഘം നടത്തുന്നത്. പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. അന്വേഷണ വിവരങ്ങൾ പുറത്താകുന്നത് കേസിന്‍റെ തുടർനടപടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇടയാകുമെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഇതുവരെ നടത്തിയ അന്വേഷണ പുരോഗതി വിലയിരുത്താനായി ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിന്‍റെ യോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച പോലീസ് ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. യോഗത്തിന് ശേഷം പ്രതികളുടെ അറസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.ലിഗയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ കുറ്റിക്കാട്ടിന് സമീപം ചീട്ടുകളിയും മദ്യപാനവും പതിവാക്കിയിരുന്നവരെ പോലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ലിഗയുടെ പോസ്റ്റ്മോർട്ടത്തിന്‍റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു.