കാണാതായ അന്നുതന്നെ ലിഗയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉമേഷിന്‍റെയും ഉദയന്‍റെയും അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശവനിത ലിഗയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി . ലിഗ കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നു വ്യക്തമായതായി റിപ്പോർട്ടുകൾ. ലിഗയെ കാണാതായതു മാര്‍ച്ച് 14നാണ്. അന്നുതന്നെ ലിഗ കൊല്ലപ്പെട്ടിരുന്നതായാണു പൊലീസിന്റെ കണ്ടെത്തല്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള രണ്ടുപേരും പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരായ പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരാണു കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻതന്നെ തന്നെ രേഖപ്പെടുത്തിയേക്കും. മാര്‍ച്ച്‌ പതിന്നാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് ലിഗയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ലിഗ എത്തി. ഓട്ടോറിക്ഷയിലാണ് ലിഗ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു.

ലിഗ പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലവും പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു ലിഗയെ ഇവിടേക്കെത്തിച്ചതെന്നു കസ്റ്റഡിയിലുള്ള പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. അതേസമയം, കണ്ടല്‍ക്കാട്ടിലെത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതെല്ലാം അതിജീവിച്ചാണു പൊലീസിന്‍റെ പുതിയ നീക്കം.

ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു ലിഗ എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി അന്വേഷണസംഘത്തിനു ലഭിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള പനത്തുറ സ്വദേശിയായ യുവാവാണു ലിഗയെ കണ്ടല്‍ക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായി സമ്മതിച്ചത്. കോവളത്തെത്തിയ ലിഗയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന ഇയാള്‍ സമീപിച്ചു.

ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്. വള്ളത്തില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ ഇയാളുടെയും ലിഗയുടേതുമാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ അതു കേസില്‍ നിര്‍ണായകമാവും. കാട്ടിലെത്തിയ ശേഷം മാനഭംഗശ്രമമുണ്ടായെന്നും അതിനിടയില്‍ ലിഗ കൊല്ലപ്പെട്ടെന്നുമാണു വിലയിരുത്തല്‍. പക്ഷേ, അതിനു സാക്ഷികളോ സാഹചര്യത്തെളിവുകളോ ലഭിച്ചിരുന്നില്ല. ഇതിനിടെ ലിഗയുടെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

 

Top