കാരിരിമ്പിന്റെ ശക്തി, ആറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയടിക്ക് നിന്നടിക്കാന്‍ ശേഷി:കസ്റ്റഡിയിലുള്ള യോഗ പരിശീലകന്‍ ആജാനുബാഹു!.ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികൾ.

തിരുവനന്തപുരം: കാരിരിമ്പിന്റെ ശക്തി, ആറരയടി പൊക്കം, അഞ്ചു പേരെ ഒറ്റയടിക്കു നിന്നടിക്കാന്‍ ശേഷി ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത വാഴമുട്ടം സ്വദേശിയായ യോഗ പരിശീലകനെക്കുറിച്ച് പോലീസിന് ലഭിച്ച സാക്ഷിമൊഴിയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഇയാളുടെയും സുഹൃത്തുക്കളുടെയും പ്രധാന വിഹാരകേന്ദ്രമാണ് പനത്തുറയിലെ കണ്ടല്‍ക്കാട് എന്നാണ് വിവരം. ആജാനുബാഹുവായ ഇയാള്‍ യോഗ പരിശീലകനും ടൂറിസ്റ്റ് ഗൈഡുമാണ്. യോഗ പരിശീലനത്തിന്റെ പേരില്‍ ഇയാള്‍ വിദേശ ടൂറിസ്റ്റുകളെ വലയിലാക്കി വന്നിരുന്നത്. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ കിടന്നപ്പോഴും ഇയാള്‍ അവിടെ എത്തിയിരുന്നതായാണ് സൂചന. ചോദ്യം ചെയ്യലില്‍ ഇയാള്‍ സഹകരിക്കാത്തതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി പോലീസ് കാത്തിരിക്കുകയാണ്. ചോദ്യം ചെയ്യലിനായി മനശാസ്ത്രജ്ഞന്റെയും സഹായം തേടിയിട്ടുണ്ടെന്നാണു സൂചന.

അതേസമയം ലിഗയെ ബലാത്സംഗ ശ്രമത്തിനിടെ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് പ്രതികളുടെ മൊഴി. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യലിൽ യോഗാധ്യാപകൻ അടക്കമുള്ള അഞ്ച് പ്രതികളും കുറ്റം സമ്മതിച്ചു. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കോവളത്തുവച്ച് ലിഗയെ പരിചയപ്പെട്ട ടൂറിസ്റ്റ് ഗൈഡ് കൂടിയായ യോഗാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ബലാത്സംഗ ശ്രമവും കൊലപാതകവും. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ യോഗാധ്യാപകനൊപ്പമാണ് ലിഗ പൂനംതുരുത്തിലെത്തിയത്. ടൂറിസ്റ്റ് ഗൈഡ് കൂടിയായ ഇയാൾ വിവിധ സ്ഥലങ്ങൾ കാണിച്ചുതരാം എന്നു പറഞ്ഞാണ് കൂടെക്കൂടിയത്. അതിനിടെ മയക്കുമരുന്ന് കലർന്ന സിഗററ്റ് കൊടുത്ത് ലിഗയെ പാതിമയക്കത്തിലാക്കിയ ഇയാൾ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ലിഗയെ കായൽയാത്രയ്ക്ക് ക്ഷണിച്ചു. പാതിമയക്കത്തിലായിരുന്ന ലിഗ അതു സമ്മതിക്കുകയും പ്രതികൾക്കൊപ്പം പോവുകയും ചെയ്തു.

പ്രതികളിലൊരാളുടെ ബോട്ടിലായിരുന്നു യാത്ര. ലിഗയും പ്രതികളും പൂനംതുരുത്തിലെത്തിയത് ഈ ബോട്ടിലാണ്. അതിനിടെ ഇവർ ലിഗയ്ക്ക് മദ്യം നൽകാൻ ശ്രമിച്ചെങ്കിലും ലിഗ കഴിക്കാൻ കൂട്ടാക്കിയില്ല. ഈ സമയത്ത് അഞ്ചു പേരും നന്നായി മദ്യപിക്കുകയും അടുത്തുള്ള പൊന്തക്കാട്ടിലേയ്ക്ക് കൊണ്ടുപോയി ലിഗയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പ്രതികളുടെ മൊഴി.23

ബലാത്സംഗശ്രമത്തിനിടെ ബഹളം വച്ചതോടെ പ്രതികൾ ലിഗയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിനിടെ പ്രതികളിലൊരാൾ കഴുത്തിൽ ആഞ്ഞു ചവുട്ടിയതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മരിച്ചെന്ന് മനസിലാക്കിയ പ്രതികൾ അടുത്തുള്ള ആറടി ഉയരമുള്ള മരത്തിൽ കാട്ടുവള്ളികൾ കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

എന്നാൽ, ദിവസങ്ങൾ കഴിഞ്ഞതോടെ വള്ളി പൊട്ടി മൃതദേഹം സമീപത്തെ പൊന്തക്കാട്ടിലേക്ക് വീണു. 30 ദിവസം പഴക്കം ചെന്നതോടെ തല ജീർണിച്ച് വേർപെട്ടതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. ഈ നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും ഉന്നതതല മെഡിക്കൽ സംഘവും എത്തിനിൽക്കുന്നത്. ചില ശാസ്ത്രീയഫലങ്ങളും കൂടി ലഭിച്ചശേഷമായിരിക്കും അഞ്ചുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുക. അതേ സമയം ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കൽ സംഘം പൊലീസിന് കൈമാറി. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വ്യക്തമല്ല. കഴുത്ത് ഞെരിച്ചതി‍ൻറ ഭാഗമായി തരുണാസ്ഥിയിൽ പൊട്ടലുണ്ടായിട്ടുണ്ട്. കഴുത്തിലെ സൂക്ഷ്മ ഞരമ്പുകൾക്കും ക്ഷതമേറ്റിട്ടുണ്ട്.
മരത്തിൽ കെട്ടിത്തൂക്കാനുള്ള ശ്രമത്തിൽ തൈറോയിഡ് ഗ്രന്ഥി പൊട്ടിയിട്ടുണ്ട്. സ്വയം കെട്ടിത്തൂങ്ങിയാൽ തൈറോയിഡ് ഗ്രന്ഥി പൊട്ടാറില്ല. അതുകൊണ്ടുതന്നെ ഒന്നിൽക്കൂടുതൽ ആളുകൾ കൃത്യത്തിൽ ഉൾപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ലിഗയുടെ കഴുത്തിലും കാലിലും ആഴത്തിൽ മൂന്ന് മുറിവുകളുണ്ട്. ബലപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയിക്കാവുന്ന മുറിവുകളാണിത്.

കഴുത്തിൽ അമർത്തിപ്പിടിക്കുകയോ ചവിട്ടിപ്പിടിക്കുകയോ ചെയ്തപ്പോൾ കാലുകൾ നിലത്തുരച്ചതി‍ന്റെ ഫലമായി പാദത്തിൽ മുറിവുകൾ ഉണ്ട്. പിടിച്ചുതള്ളിയതിന്റെ ഭാഗമായി ഇടുപ്പെല്ല് പൊട്ടിയിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ശനിയാഴ്ച പൂനംതുരുത്തിൽ പരിശോധന നടത്തി.മൃതദേഹം കെട്ടിത്തൂക്കാൻ ഉപയോഗിച്ച മരത്തി‍ന്റെ ഭാഗം ഫോറൻസിക് വിഭാഗം മുറിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം കെട്ടിത്തൂക്കിയ വള്ളികളിൽ നിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന തലമുടിയും ത്വക്കി‍ന്റെ ഭാഗങ്ങളും ഫോറൻസിക് വിഭാഗം ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വന്നാലുടൻ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Top