തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശ. ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്.
എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂർമായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിർദ്ദേശത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി. ബാറുടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.
ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ട്.