പട്ന: ബിഹാറില്‍ വിചിത്ര വിവാഹം. വിവാഹത്തിനായി യുവാക്കളെ തട്ടിക്കൊണ്ട് പോകുകയാണ് ഇവിടെ ചെയ്യുന്നത്. തുടര്‍ന്ന് തോക്കിന്‍മുനയില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതാണ് വിചിത്ര രീതി. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ തോക്കിന്‍മുനയില്‍ വിവാഹിതരായവരുടെ എണ്ണം 3400 ആണ്.
‘പകടുവാ വിവാഹ്’ എന്നപേരില്‍ ബിഹാറില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വിവാഹത്തിനുവേണ്ടിയാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗികരേഖകളില്‍ പറയുന്നു. തോക്കിന്‍മുനയില്‍ നിര്‍ത്തിയോ ജീവനും കുടുംബത്തിനുംനേരേ ഭീഷണിമുഴക്കിയോ ആണ് ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ ഭൂരിഭാഗവും നടക്കാറുള്ളതെന്ന് ഒരു പോലീസുദ്യോഗസ്ഥന്‍ വിശദമാക്കി. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ച പട്നയിലെ ഒരു എന്‍ജിനീയര്‍ വധുവിനെ സ്വീകരിക്കാതിരുന്നത് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
2016-ല്‍ 3070, 2015-ല്‍ 3000, 2014-ല്‍ 2526 എന്നിങ്ങനെയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട യുവാക്കളുടെ കണക്ക്. പോലീസ് രേഖകള്‍പ്രകാരം ദിവസവും ശരാശരി ഒമ്പത് ‘പകടുവാ വിവാഹ’ങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. വരുംദിവസങ്ങളില്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് ജാഗരൂകയായിരിക്കണമെന്ന് ജില്ലാ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.
സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നതാണ് ‘പകടുവാ വിവാഹ’ങ്ങള്‍ കൂടുന്നതിന്റെ കാരണമെന്ന് ബിഹാറില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന മഹേന്ദര്‍ യാദവ് പറയുന്നു. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളാണ് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നത്. ചിലപ്പോള്‍ കുറ്റവാളികളെ ഉപയോഗിച്ചുപോലും ഇത് നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
18 വയസ്സിനുമുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2015-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 18-30 വയസ്സിനിടയിലുള്ള യുവാക്കളുടെ എണ്ണം 1096 ആണ്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന യുവാക്കളുടെ രാജ്യത്തെ ആകെ കണക്കിന്റെ 17 ശതമാനമാണിത്.