തിരുവനന്തപുരം :എൽ ജെ ഡിയിൽ പൊട്ടിത്തെറി.പാർട്ടിയിൽ കടുത്ത പ്രതിസന്ധി. സംസ്ഥാന സെക്രട്ടറിമാരായ ഷേയ്ക്ക് പി ഹാരിസ് , അംഗത്തിൽ അജയകുമാർ, രാജേഷ് പ്രേം എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഷേയ്ക്ക് പി ഹാരിസിന്റെ നിലപാടുകൾക്കൊപ്പം നിന്നിരുന്ന സുരേന്ദ്രൻ പിള്ളയും ഉടൻ രാജിവയ്ക്കും എന്നാണ് റിപ്പോർട്ട്. രാജിയെക്കുറിച്ച് സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം പാർട്ടി വിട്ട എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസ് സിപിഐ–സിപിഎം നേതൃത്വവുമായി ചർച്ച ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പാർട്ടിയിൽനിന്ന് രാജിവച്ച ഷേക്ക് പി.ഹാരിസ് ആദ്യം സിപിഐ നേതൃത്വവുമായാണ് ചർച്ച നടത്തിയത്.
തിങ്കളാഴ്ച നേരിട്ട് ചർച്ച നടത്താനിരിക്കെ, സിപിഎം നേതൃത്വവും പാർട്ടിയിലേക്കുള്ള ക്ഷണവുമായി എത്തുകയായിരുന്നു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഷേക്ക് പി.ഹാരിസുമായി ചർച്ച നടത്തിയത്. ഹരിപ്പാട് നിയമസഭാ സീറ്റ് നൽകാമെന്നായിരുന്നു ധാരണ. ഇതിനോട് യോജിച്ച ഷേക്ക്, തുടർ ചർച്ചകൾക്കായി തലസ്ഥാനത്ത് എത്താനിരിക്കെയാണ് സിപിഎമ്മും ചർച്ച ആരംഭിച്ചത്.
കായംകുളം സീറ്റ് നൽകാമെന്ന ഉറപ്പ് ലഭിച്ചാൽ അദ്ദേഹം സിപിഎമ്മിലെത്തിയേക്കും. കായംകുളം സ്വന്തം സ്ഥലമായതിനാൽ ഷേക്ക് പി.ഹാരിസിനും ഇതിനോടാണ് താൽപര്യം. മുൻമന്ത്രി പി.കെ.കുഞ്ഞിന്റെ കൊച്ചുമകനെന്ന നിലയിലും സോഷ്യലിസ്റ്റ് പാരമ്പര്യമുള്ളതിനാലും ഇരുപാർട്ടികൾക്കും ഷേക്ക് പി.ഹാരിസിനോട് താൽപര്യമുണ്ട്. ഒരു സെക്കുലർ മുഖം ഷേക്കിലൂടെ ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു.
മുസ്‌ലിം ജനവിഭാഗത്തിനു സ്വാധീനമുള്ളതിനാൽ ഷേക്കിലൂടെ ഹരിപ്പാട് പിടിച്ചെടുക്കാനാകുമെന്നാണ് സിപിഐ വിലയിരുത്തൽ. ഹരിപ്പാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല 13,666 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ സിപിഐയിലെ ആർ.സജിലാലിനെ പരാജയപ്പെടുത്തിയത്. കായംകുളം മണ്ഡലത്തിൽ 6298 വോട്ടിനു യു.പ്രതിഭ കോൺഗ്രസിലെ അരിത ബാബുവിനെ പരാജയപ്പെടുത്തി.
ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടാനോ സമൂഹത്തിലെ വിഷയങ്ങൾ ചർച്ച ചെയ്തു പ്രതികരിക്കാനോ കഴിയാത്ത രീതിയിൽ ദുർബലമായ പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിനു നൽകിയ രാജിക്കത്തിൽ ഷേക്ക് പി.ഹാരിസ് വ്യക്തമാക്കിയിരുന്നു. സെക്രട്ടറിമാരായ അങ്കത്തിൽ ജയകുമാർ, രാജേഷ് പ്രേം എന്നിവരും പാർട്ടിയിൽനിന്ന് രാജിവച്ചു. സുരേന്ദ്രൻ പിള്ള നയിക്കുന്ന വിമത വിഭാഗവും പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയാണ്.