ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയുടെ കയ്പ്പറിഞ്ഞ് നില്‍ക്കുന്ന മോദി സര്‍ക്കാരിന് കനത്ത പ്രഹരമായി മുന്നണിയില്‍ വിള്ളല്‍. രാം വിലാസ് പാസ്വാന്റെ എല്‍ജെപിയാണ് എന്‍ഡിഎ ഇപ്പോള്‍ വിടാനൊരുങ്ങുന്നത്.
നേരത്തെ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി മുന്നണി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെയാണ് രാംവിലാസ് പാസ്വാന്റെ മുന്നണിവിടാനുള്ള തീരുമാനം എത്തുന്നത്. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് വൈകിയാല്‍ ടിഡിപിയുടേയും ആര്‍എല്‍എസ്പിയുടേയും പാത പിന്തുടരുമെന്ന മുന്നറിയിപ്പാണ് എല്‍ജെപി അധ്യക്ഷന്‍ രാം വിലാസ് പാസ്വാന്റെ മകനും ജുമയി എംപിയുമായ ചിരാഗ് പസ്വാന്‍ നല്‍കിയിരിക്കുന്നത്.
ബിഹാറിലുള്ള 40 ലോക്‌സഭാ സീറ്റുകളില്‍ 34 എണ്ണം ബിജെപിയും ജെഡിയുവും പങ്കിടുമെന്ന അഭ്യൂഹങ്ങളാണ് എല്‍ജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. നേരത്തേ തന്നെ സീറ്റുവിഭജനത്തില്‍ എല്‍ജെപി ബിജെപിയോട് ഇടഞ്ഞിരുന്നു. 2014 മത്സരിച്ച അത്രയും തന്നെ സീറ്റുകള്‍ വേണമെന്നാണ് പസ്വാന്റെ ആവശ്യം. 2014 ല്‍ ബിജെപി 22 സീറ്റുകള്‍ നേടിയിരുന്നു. ഏഴ് സീറ്റുകളിലായിരുന്നു പസ്വാന്റെ എല്‍ജെപി മത്സരിച്ചിരുന്നത്. ഇതില്‍ ആറ് സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. ഒരു സീറ്റില്‍ വെറും 7000 വോട്ടുകള്‍ക്കാണ് എല്‍ജെപി തോറ്റത്. പത്ത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. എന്നാല്‍ ബിജെപിയും ജെഡിയുവും അത് അംഗീകരിച്ചിട്ടില്ല. മാത്രമല്ല തുല്യ സീറ്റുകളില്‍ മത്സരിക്കാന്‍ ജെഡിയുവും ബിജെപിയും തിരുമാനമായിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ജെപിയുടെ മുന്നറിയിപ്പ്.
കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോയത്. ബിഹാറിലെ ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സഖ്യം ഉപേക്ഷിക്കാനുണ്ടായ കാരണം. എന്‍ഡിഎ സഖ്യത്തിലേക്ക് വീണ്ടും തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡിയുവിനോടും കുശ്വാഹ സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല.