ദുരന്ത ബാധിതര്‍ക്ക് കുടുംബശ്രീ വഴി വായ്പ നല്‍കാനുളള അപേക്ഷകള്‍ അടുത്തയാഴ്ച മുതല്‍ ബാങ്കുകള്‍ സ്വീകരിക്കും. ഒന്പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുകയെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചു. പ്രളയക്കെടുതി നേരിടുകയും സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിക്കുകയും ചെയ്തവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക.
അഞ്ച് ലക്ഷത്തിലേറെ പേര്‍ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും വായ്പയ്ക്ക് അപേക്ഷ നല്‍കുക രണ്ടു ലക്ഷത്തോളം പേരാകുമെന്നാണ് കുടുംബശ്രീയുടെ കണക്ക്. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ആവശ്യമെങ്കില്‍ വായ്പ സംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്സ് സമിതിയുമായി കരാറുണ്ടാക്കുമെന്ന് കുടുബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് ഉടനടി വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതിയും വ്യക്തമാക്കി. മറ്റു വായ്പകള്‍ ഉളളതോ വായ്പ തിരിച്ചടവ് മുടങ്ങിയതോ പുതിയ വായ്പ അനുവദിക്കുന്നതിന് തടസമാകില്ല.