അപേക്ഷ നല്‍കി ഒരു മണിക്കൂറിനുള്ളില്‍ ലോണ്‍..!! ഞെട്ടിക്കുന്ന പദ്ധതിയുമായി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: അപേക്ഷ നല്‍കി ഒരുമണിക്കൂറിനുള്ളില്‍ ലോണ്‍ പാസാകുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ 59 മിനിറ്റുകൊണ്ട് അംഗീകരിക്കപ്പെടുന്ന സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വിപണിയില്‍ ആവശ്യകത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. തീരുമാനം നടപ്പിലാക്കുന്നതിന് അടുത്ത ആഴ്ച വിവിധ കമ്പനികളുടെ പ്രതിനിധികളുമായി വിഷയത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി നിര്‍മലാ സീതാരാമന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ബാങ്കുകളുടെ പ്രതിനിധികളുമായി ധനകാര്യമന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായികള്‍ക്ക് അഞ്ചുകോടി രൂപവരെ സമാഹരിക്കുന്നതിനായി നിലവില്‍ സംവിധാനമുണ്ട്. psbloansin59minutes.com എന്ന പോര്‍ട്ടല്‍ വഴിയാണ് ഇതിന്റെ നടപടികള്‍ സ്വീകരിക്കുന്നത്. ഇതേമാതൃകയില്‍ ചില്ലറ വ്യാപാരികള്‍ക്കു വേണ്ടി ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കായി പ്രത്യേകം പോര്‍ട്ടല്‍ തുടങ്ങുക എന്നതാണ് ഉയര്‍ന്നുവന്ന മറ്റൊരു നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 59 മിനിറ്റിനുള്ളില്‍ വായ്പകള്‍ ലഭ്യമാക്കാനുള്ള പോര്‍ട്ടല്‍ നടപ്പിലാക്കിയത്. ബാങ്കുകളില്‍ പോകാതെ തന്നെ വായ്പ തരപ്പെടുത്തിയെടുക്കാന്‍ ചെറുകിട വ്യാപാരികളെ സഹായിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ ജൂലൈ 17 വരെയുള്ള കണക്കുകള്‍ പ്രകാരം 13 ലക്ഷം വായ്പകള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കിയെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്.

എന്നാല്‍ വ്യക്തിഗത, ഭവന, വാഹന വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ ഇത്രയും ലളിതമായ നടപടികള്‍ പിന്തുടരുന്നില്ല. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ഇത്തരം സാഹചര്യങ്ങളില്‍ ബാങ്കുകള്‍ വായ്പകള്‍ അനുവദിക്കുക.

വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എസ്ബിഐ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ മുന്‍നിര ബാങ്കുകളുടെ പ്രതിനിധികളുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാഹന, റിയല്‍ എസ്റ്റേറ്റ് തുടങ്ങി നിരവധി മേഖലകളിലുള്ളവരുമായി മന്ത്രി ചര്‍കള്‍ നടത്തും.

Top