തദ്ദേശ തിരഞ്ഞെടുപ്പ്:തീയതി പ്രഖാപനം പ്രതിസന്ധിയില്‍;ഒക്ടോബറില്‍ നടത്തിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്ന് സി.പി.എം ;നിര്‍ണായക സര്‍വകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ ഇടതുമുന്നണി ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ളെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ളെന്ന ഇടതുമുന്നണി നിലപാട് ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ നിര്‍ണായകമാകും.തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നിന്ന് നീട്ടുന്നതിനെതിരെ ഇടതുമുന്നണിയും ബി.ജെ.പിയും രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്ന് വിളിച്ചുചേര്‍ത്തിട്ടുള്ള സര്‍വകക്ഷിയോഗം കലുഷിതമാകുമെന്നുറപ്പായി.തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തിയില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപനം.

ഇന്ന് രാവിലെ 11ന് തൈക്കാട് ഗസ്റ്റ്ഹൗസിലാണ് സര്‍വകക്ഷിയോഗം. തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു മാസത്തേക്ക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ഇടത് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു. നവംബര്‍ 17ന് ശബരിമല സീസണ്‍ ആരംഭിക്കുന്നതിനാല്‍ അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പിയും ആവശ്യപ്പെടുന്നു.
അതേസമയം, കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2010ല്‍ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവച്ച് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ കാര്യം യു.ഡി.എഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുതുതായി രൂപീകരിച്ച പഞ്ചായത്തുകള്‍ കോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത്, തിരഞ്ഞെടുപ്പ് സമയത്തിന് നടത്താനാണ്. കോടതി അംഗീകരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും തിരഞ്ഞെടുപ്പ് നടത്താതിരിക്കാനാവാത്ത സ്ഥിതിയുണ്ട്. കമ്മിഷനുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയാണ് 30 ദിവസത്തേക്ക് നീട്ടാന്‍ ധാരണയിലെത്തിയത്. എന്തെങ്കിലും സാഹചര്യമുണ്ടെങ്കില്‍ ഒക്ടോബറില്‍ തന്നെ നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും, എന്നാല്‍ പുതിയ മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും തിരഞ്ഞെടുപ്പ് നടത്തേണ്ടതിനാല്‍ അത് സാധിക്കാതെ വന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.പി.സി.സി ജനറല്‍സെക്രട്ടറി തമ്പാനൂര്‍ രവി കോണ്‍ഗ്രസിനെ യോഗത്തില്‍ പ്രതിനിധീകരിക്കും.തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ കമ്മിഷനെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്. കോടതി അംഗീകരിച്ച പുതിയ 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പറേഷനിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്. കാര്യങ്ങള്‍ ഉദ്ദേശിച്ച വഴിക്കെത്തുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.

തെരഞ്ഞെടുപ്പ് തീയതി സര്‍വകക്ഷിയോഗത്തില്‍ പ്രഖ്യാപിക്കണമെന്നും പെരുമാറ്റച്ചട്ടം അപ്പോള്‍ മുതല്‍ നിലവില്‍ വരണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്. നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് സി.പി.എമ്മിന് വിയോജിപ്പാണ്. ശബരിമല തീര്‍ഥാടനകാലം ഉള്‍പ്പെടുന്ന നവംബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ എതിര്‍പ്പ് അറിയിക്കുമെന്നും കോടിയേരി പറഞ്ഞു. മണ്ഡലകാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ ബി.ജെ.പിയും എതിര്‍ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവെക്കുന്നതിനോട് യോജിക്കില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്.പുതുതായി രൂപവത്കരിച്ച 28 നഗരസഭകളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാറിന്‍െറ ആവശ്യം. ഇക്കാര്യം തെരഞ്ഞെടുപ്പു കമീഷനും അംഗീകരിച്ചതോടെ ഇതിന് നിയമസാധുത കൈവന്നിട്ടുണ്ട്. പുതിയ നഗരസഭകളെ അംഗീകരിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ അവസാനമെങ്കിലുമാകും. ഇതിനോടാണ് ഇടതുമുന്നണിക്ക് എതിര്‍പ്പ്. 2010 ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം.

Top