
കൊച്ചി:പേയ് പിടിച്ച തെരുവുനായ്ക്കളെ കൊല്ലാമെന്ന് ഹൈക്കോടതി. പരുക്കേറ്റതും മാരകമായ രോഗം ബാധിച്ച് അലഞ്ഞുതിരിയുന്നതും പേയിളകി അക്രമാസക്തമായി അലയുന്നതുമായ നായ്ക്കളെ കൊല്ലാമെന്നും ഇക്കാര്യത്തില്‍ മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും നാന്നൂറ് പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനു കര്‍ശന നടപടി വേണം. തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിയമാനുസൃതം നടപടിയെടുക്കാം. മൃഗസംരക്ഷണനിയമം കര്‍ശനമായി പാലിക്കണം. വന്ധ്യംകരണം ഫലപ്രദമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെരുവുനായ ശല്യത്തിനെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
മോശം ആരോഗ്യാവസ്ഥയിലുള്ള നായ്ക്കളെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൊല്ലാം. കേന്ദ്ര മൃഗപ്രജനന നിയമത്തിലെ 7, 8, 9 വകുപ്പുകള്‍ നടപ്പാക്കണം. ഈ വകുപ്പുകള്‍ പ്രകാരം പേയ് പിടിച്ച തെരുവു നായ്ക്കളെ കൊല്ലാം. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ ഒരുക്കണം. ഇവയെ കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ഒരുക്കണം. നായ്ക്കളെ പിടിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം. മാരകമായ രോഗം വന്ന നായ്ക്കളെയും പരുക്കേറ്റവയേയും കൊല്ലാം. ഇക്കാര്യത്തില്‍ കേന്ദ്ര നിയമമാണ് നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.