
തിരുവനന്തപുരം:ഡി.ജി.പി ജേക്കബ് തോമസിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം വേണേെന്ന് ലോകായുക്ത കോടതി ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ ഭൂമി കയ്യേറി എന്ന പരാതി ഫയലില്‍ സ്വീകരിച്ചാണ് ലോകായുക്ത കോടതിയുടെ നിര്‍ദേശം. പരാതിയില്‍ വിജിലന്‍സ് രഹസ്യപരിശോധന നടത്തിയെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
പൊതുപ്രവര്‍ത്തകനായ ബെബി ഫെര്‍ണാണ്ടസ് നല്‍കിയ പരാതിയിലാണ് ഡി.ജി.പി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവുണ്ടായത്. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യക്കോസ്, ഉപലോകായുക്ത കെ.പി ബാലചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ചാണ് കോണ്‍ഗ്രസ് അനുഭാവിയായ ഹരജിക്കാരന്‍ ലോകായുക്തയെ സമീപിച്ചത്.
ജേക്കബ് തോമസിനെതിരെ രഹസ്യ പരിശോധന വിജിലന്‍സ് നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. രേഖകളും മൊഴികളും പരിശോധിക്കേണ്ടതുണ്ട്. അതിനാല്‍ രേഖകളുമായി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരാകാനും ലോകായുക്ത നിര്‍ദേശിച്ചു.
ഫിഷറീസ്-തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ കരാറില്ലാതെ മുങ്ങല്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 36,000 രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കി. തുറമുഖ വകുപ്പിന്‍റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഒാഫീസുകളില്‍ സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ചതില്‍ അഴിമതി നടത്തിയെന്നുമാണ് പ്രധാന ആരോപണം. മുന്‍ പരിചയമില്ലാത്ത സര്‍ക്കാര്‍ സ്ഥാപനമായ സിഡ്കോ നടത്തിയ പ്ലാന്‍റ് നിര്‍മാണത്തിന് അനെര്‍ട്ട് അംഗീകാരം നല്‍കുന്നതിന് മുമ്പ് 32 ലക്ഷം രൂപ കൈമാറിയെന്നും പരാതിയില്‍ പറയുന്നു.
കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടറായിരിക്കെ ഗവേഷണ പഠനത്തിനായി ജേക്കബ് തോമസ് അവധി എടുത്തിരുന്നു. ഈ കാലയളവില്‍ കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്‍റില്‍ ഡയറക്ടറായി ജോലി ചെയ്തു. ഇതുവഴി വേതനം കൈപ്പറ്റിയെന്നും ആരോപിക്കുന്നു.
കൂടാതെ. ഡി.ജി.പി ജേക്കബ് തോമസും ഭാര്യയും കര്‍ണാടക കൂര്‍ഗ് ജില്ലയില്‍ റിസര്‍വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി സമ്പാദിച്ചെന്നും ലോകായുക്തക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ ആരോപണങ്ങളില്‍ മറ്റൊരാള്‍ നേരത്തെ നല്‍കിയ പരാതിയില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് രഹസ്യ അന്വേഷണം നടത്തിയിരുന്നതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ലോകായുക്ത പരിശോധിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ വിജിലന്‍സ് ഡയറക്ടറോട് ലോകായുക്ത നിര്‍ദേശിച്ചത്.ഹരജിക്കാരനുവേണ്ടി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ അഡ്വ. ജോര്‍ജ് മേഴ്സിയര്‍ ഹാജരായി.