സീറോ മലബാര്‍ സഭയുടെ നിലപാട് വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക

കാക്കനാട്: പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ സീറോ മലബാര്‍ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നതും സമൂഹവിപത്തായ ലവ് ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരെയുള്ള നീക്കമായി പ്രചരിപ്പിക്കുന്നതും അപകടകരമായ ചിന്താധാരകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ആഹ്വാനം ചെയ്തു. ജനുവരി 15 ന് അവസാനിച്ച സീറോ മലബാര്‍ സഭയുടെ 28-ാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിനിടയില്‍ സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍ നല്‍കിയ പ്രസ്താവനകളിലും സിനഡാനന്തര സര്‍ക്കുലറിലുമാണ് ഈ വിഷയങ്ങളെക്കുറിച്ചുള്ള സീറോ മലബാര്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിരുന്നത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനഡ് സമ്മേളനത്തില്‍ പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൗരത്വഭേതഗതി നിയമത്തക്കുറിച്ചുള്ള സഭയുടെ നിലപാട് രൂപപ്പെടുത്തിയത്. സിനഡ് താഴപ്പറയുന്ന കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വരണം, ഭാരതത്തിന്റെ പവിത്രമായ ഭരണഘടന അവികലമായി പരിരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തണം, ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്തതിനാല്‍ രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം, പുതുതായി പൗരത്വം നല്കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി പരിഗണിക്കണം, അഭയാര്‍ത്ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനപരിശോധിക്കണം, സര്‍ക്കാര്‍ നിയമങ്ങളെ എതിര്‍ക്കാന്‍ അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതും ഒരു പോലെ അധാര്‍മികമാണ്, ഭാരതം എന്ന മഹത്തായ രാജ്യത്ത് മതേതരത്വവും തുല്യനീതിയും നടപ്പിലാകുന്നുണ്ടെന്ന് ഓരോ പൗരനെയും ബോധ്യപ്പെടുത്താന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്. സിനഡിന്റെ തീരുമാനപ്രകാരം ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഭിന്നതയിലേയ്ക്ക് പൗരത്വ ഭേദഗതി നിയമം വരാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുനരാലോചിക്കണമെന്നും ആവശ്യമായ ചര്‍ച്ചകള്‍ ഇനിയും നടത്തണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പ്രാഥമികമായി പ്രതികരിച്ചിരുന്നതും ഈ അവസരത്തില്‍ സ്മരണീയമാണ്.

ഈ വിധത്തില്‍ വ്യക്തമായ നിലപാടെടുത്തിട്ടും പൗരത്വഭേദഗതി നിയമത്തിന് അനുകൂലമായുള്ള നിലപാടാണ് സീറോ മലബാര്‍ സഭ സ്വീകരിച്ചതെന്ന് ആരോപിച്ച് ക്രൈസ്തവ സഭാവിഭാഗങ്ങള്‍ക്കിടയില്‍ സീറോ മലബാര്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നു. കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സഭയെ ഇക്കാര്യത്തില്‍ വിമര്‍ശിക്കുന്നവരുടെ നിഗൂഢ താല്‍പര്യങ്ങള്‍ മനസ്സിലാക്കുവാന്‍ ആവശ്യമായ അവബോധം സഭാംഗങ്ങള്‍ക്കുണ്ട്. കെ.സി.ബി.സി. വക്താവും പി.ഒ.സി. ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപരമായ അഭിപ്രായം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഒരു ഭാഗം മാത്രമാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ജന്മഭൂമി ദിനപത്രം കെ.സി.ബി.സി. വക്താവിന്റെ ലേഖനം എന്ന നിലയില്‍ പ്രസിദ്ധീകരിച്ചതെന്ന് ഫാ. വള്ളികാട്ട്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പ്രസ്തുത ലേഖനത്തിലെ ആശയങ്ങള്‍ കേരളകത്തോലിക്കാ സഭയുടെയോ സീറോ മലബാര്‍ സഭയുടെയോ ഔദ്യോഗിക നിലപാടല്ല എന്നത് വ്യക്തമാണ്.

ഫാ. വള്ളിക്കാട്ടിന്റെ ലേഖനത്തെയും സീറോ മലബാര്‍ സഭാ സിനഡ് ലവ് ജിഹാദ് സംബന്ധിച്ച് എടുത്ത നിലപാടിനെയും കൂട്ടിച്ചേര്‍ത്ത് സഭ മുസ്ലീം സമുദായത്തിന് എതിരാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങളും നിക്ഷിപ്തതാല്‍പര്യക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മതത്തിന്റെ വിശ്വാസസത്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ ജീവിച്ചു കൊണ്ട് സമൂഹത്തില്‍ നന്മയുടെയും കാരുണ്യത്തിന്റെയും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇസ്ലാം മതവിശ്വാസികളെ സാഹോദര്യത്തിന്റെ കണ്ണുകളിലൂടെയാണ് സീറോ മലബാര്‍ സഭ എന്നും നോക്കിക്കാണുന്നത്. വിവിധ രൂപതകളിലെ ഇടവകകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് ലവ് ജിഹാദിനെക്കുറിച്ചുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ലവ് ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി വ്യാഖ്യാനിക്കുന്നതിനു പകരം പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസ്സിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നുമാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് സര്‍ക്കുലറില്‍ പ്രതിപാദിക്കുന്ന മറ്റ് വിഷയങ്ങളായ കാര്‍ഷിക പ്രശ്‌നങ്ങള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തല്‍, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കക്കാരായവര്‍ക്കുള്ള സംവരണം തുടങ്ങിയ വിഷയങ്ങള്‍ തമസ്‌കരിച്ചുകൊണ്ട് സിനഡാനന്തര സര്‍ക്കുലറിനെ ‘ലവ് ജിഹാദ് സര്‍ക്കുലര്‍’ എന്ന് വിശേഷിപ്പിക്കാന്‍ ചിലര്‍ കാണിക്കുന്ന താല്‍പര്യം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കുന്നതിന് തന്നെ കാണാന്‍ എത്തിയ ബി.ജെ.പി. നേതാക്കളില്‍നിന്ന്് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നോട്ടീസ് സ്വീകരിക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാണിച്ച് സീറോ മലബാര്‍ സഭ സംഘപരിവാര്‍ അനുകൂല നിലപാടെടുത്തെന്ന വ്യാഖ്യാനം ഇന്നാട്ടില്‍ നിലനില്‍ക്കുന്ന പരസ്പരബഹുമാനത്തെയും സാമാന്യമര്യാദകളെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സംഘപരിവാര്‍ സംഘടനകളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചും സീറോ മലബാര്‍ സഭയ്ക്ക് വ്യക്തമായ ധാരണയുണ്ട്. കേരളത്തിലെ ബഹുമാന്യരായ മുസ്ലീം നേതാക്കളോ പ്രവര്‍ത്തന പാരമ്പര്യമുള്ള സംഘടനകളോ ഈ വിഷയത്തില്‍ സഭയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല എന്നത് കമ്മീഷന്‍ പ്രത്യേകം എടുത്ത് പറയുന്നു. ചില പ്രത്യേക വിഭാഗങ്ങളുടെ തീവ്രവാദ സ്വഭാവം സമുന്നതരായ ഇസ്ലാം മതനേതാക്കള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുള്ളതാണ്. സീറോ മലബാര്‍ സഭ എന്നും പൊതു നന്മയ്ക്കും മതമൈത്രിക്കുംവേണ്ടി നിലകൊണ്ടിട്ടുള്ള സമൂഹമാണെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനശൈലിയും കാഴ്ചപ്പാടുകളുമാണ് സഭയുടേതെന്നും പ്രബുദ്ധമായ കേരളസമൂഹത്തിന് ഇക്കാര്യത്തെക്കുറിച്ചുള്ള ബോധ്യമുണ്ടെന്നും കമ്മീഷന്‍ വിലയിരുത്തി.

സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട പൊതുകാര്യങ്ങള്‍ വിലയിരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി 2020 ജനുവരിയില്‍ കൂടിയ സിനഡ് രൂപീകരിച്ചതാണ് സീറോ മലബാര്‍ പബ്ലിക്ക് അഫയേഴ്‌സ് കമ്മീഷന്‍. തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ചെയര്‍മാനായ കമ്മീഷനില്‍ ബിഷപ്പ് തോമസ് ചക്യത്ത്, ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് തോമസ് തറയില്‍ എന്നിവര്‍ എപ്പിസ്‌കോപ്പല്‍ അംഗങ്ങളും സീറോ മലബാര്‍ പി.ആര്‍.ഒ. ഫാ. എബ്രാഹം കാവില്‍പുരയിടത്തില്‍ സെക്രട്ടറിയുമാണ്.

ഫാ. ആന്റണി തലച്ചെല്ലൂർ
സെക്രട്ടറി, സീറോ മലബാർ മീഡിയാ കമ്മീഷൻ

Top