കോഴിക്കോട്: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍പ്പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം. എന്നാലത് ഏതെങ്കിലും മതത്തിന്റെ ഭാഗമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി കത്തോലിക്ക സഭക്ക് ബന്ധമില്ലെന്നും പാംപ്ലാനി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് അനുചിതമല്ലാത്ത നിലപാടുകള്‍ സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമോഫോബിയ പടര്‍ത്തുന്ന നിലപാട് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. കാരണം അത് ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഉചിതമല്ലെന്ന് തിരിച്ചറിയാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ടെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു.