പ്രണയിനികൾക്കുവേണ്ടി ഒരു പോസ്റ്റോഫീസ്! ഇതുവഴി ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ നിരവധി

ന്യൂയോർക്ക്: പ്രണയിനികൾക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. എവിടെയാണന്നല്ലേ… അങ്ങ് ജർമനിയിൽ. ഇത്തരത്തിൽ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താൻ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. കഥ ഇങ്ങനെ: നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാൻ പ്രണയത്തിന്‍റെ നൂറു കഥകളാണുള്ളത്. 1891-ൽ മിന്ന എന്ന പെണ്‍കുട്ടിയും വിഹെൽമ എന്ന യുവാവും തമ്മിലുള്ള പ്രണയത്തിനു സാക്ഷിയായതോടെയാണ് ഈ മരം ലോകജനശ്രദ്ധ നേടിയത്. അവരുടെ പ്രണയലേഖനങ്ങൾ ഒളിപ്പിച്ചുവച്ചിരുന്ന ഈ മരത്തിന്‍റെ ചുവട്ടിൽ വച്ചാണ് എല്ലാ എതിർപ്പുകളെയും അവഗണിച്ച് അവർ വിവാഹിതരായത്. ഇയുറ്റിനിലെ ഈ ഓക് വൃക്ഷം അതോടെ പ്രണയസാഫല്യത്തിന്‍റെ കേന്ദ്രമായി. നൂറ്റാണ്ടുകളായി ഈ പതിവു തുടർന്നതോടെ, വർഷങ്ങൾക്കു മുന്പ് ജർമൻ പോസ്റ്റൽ വകുപ്പ് മരത്തിനു പോസ്റ്റൽ കോഡ് സഹിതമുള്ള മേൽവിലാസം നൽകി ഒരു പോസ്റ്റ്മാനെ നിയമിച്ചു. ഇമെയ്ലും വാട്സാപ്പും പ്രചരിച്ച് ഈ കാലത്തു പോലും ഇവിടേക്കു വരുന്ന കത്തുകൾക്ക് ഇന്നും കുറവില്ലത്രേ. മരപ്പൊത്തിൽനിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവർ ഏറെയുണ്ട്. അവരൊക്കെയും വർഷത്തിലൊരിക്കൽ ഈ പോസ്റ്റോഫീസിൽ എത്തും. ഈ ഓക്ക് വൃക്ഷത്തിനു നന്ദി പറയും. ആ മരപ്പൊത്തിലേക്ക് ഓർമകൾ പുതുക്കി ഒരു കത്തു കൂടി എഴുതി വയ്ക്കും. ഇങ്ങനെയൊരു ഓക്മരം ലോകത്തിൽ വേറെയുണ്ടോയെന്നു ചോദിച്ചാൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പറയേണ്ടി വരും. എന്തായാലും ഈ വൃക്ഷമുത്തശി ഇപ്പോൾ പ്രണയതാരമായി മാറിക്കഴിഞ്ഞു.

Top