-ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കാന്‍ കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ മടി കാണിച്ചെന്നും കോടിക്കണക്കിന് രൂപയുടെ ജലം ഒഴുക്കി കളയേണ്ടെ സാഹചര്യമില്ലെന്ന് വാദിച്ചതായും റിപ്പോര്‍ട്ടുണ്ട്. മന്ത്രി എം.എം. മണി പങ്കെടുത്ത യോഗത്തിലായിരുന്നു ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് കെഎസ്ഇബി നിലപാടെടുത്തത്. എന്നാല്‍, താനാണ് മന്ത്രിയെന്നും തനിക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും വലിയ ദുരന്തത്തിലേക്ക് വിട്ടുകൊടുക്കാന്‍ ഉദേശിക്കുന്നില്ലെന്നും മണി തറപ്പിച്ചു പറഞ്ഞു. ഡാം എത്രയും പെട്ടെന്ന് തുറക്കാന്‍ കാരണമായതും ഇടുക്കിക്കാരനായ മന്ത്രിയുടെ കടുംപിടുത്തം കാരണമാണ്.
ഒരുപക്ഷേ വ്യാഴാഴ്ച ഡാം തുറന്നിരുന്നില്ലെങ്കില്‍ വലിയ ദുരന്തം കേരളത്തെ തേടിയെത്തിയേനെ. രാത്രിയില്‍ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ നിമിഷനേരം കൊണ്ടാണ് ജലനിരപ്പ് ഉയര്‍ന്നത്. അതേസമയം ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാം അടച്ച ശേഷം ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കുമെന്ന് വൈദ്യുതി മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടമലയാറില്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. കേന്ദ്രത്തോട് അടിയന്തര സഹായം ആവശ്യപ്പെടും. സ്ഥിതിഗതികള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.