തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയായിരുന്നു. ഓരോ തവണ കടത്തുമ്പോഴും ഇരുവര്‍ക്കും 1500 ഡോളര്‍ വീതമായിരുന്നു പ്രതിഫലം. കോവിഡ് വന്നതോടെ കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങി. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നുണ്ട്. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്നും സ്വപ്‌ന നല്‍കിയ മൊഴിയിലുണ്ട്. കോണ്‍സുല്‍ ജനറല്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് അറ്റാഷെയെ സ്വര്‍ണക്കടത്തില്‍ പങ്കാളിയാക്കിയത്.
അതേസമയം ശിവശങ്കര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനുമായി മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശിവശങ്കര്‍ സംസാരിച്ചതായി സൂചനയുണ്ട്. എന്‍ഐഎയുടെയും കസ്റ്റംസിന്റെയും ആദ്യ ഘട്ട മൊഴിയെടുക്കല്‍ പോലെയാകില്ല, കൂടുതല്‍ മൊഴികളെടുത്ത് അവ തമ്മില്‍ ഒത്തുനോക്കിയാകും ശിവശങ്കറിനോടുള്ള ചോദ്യം പട്ടിക തയ്യാറാക്കുക. അതേസമയം സ്വപ്‌നയുമായി വ്യക്തിപരമായ സൗഹൃദം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കറിന്റെ മൊഴി.
അതിനിടെ സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കുന്നത് മൂവാറ്റുപുഴ കേന്ദ്രീകരിച്ചുള്ള റാക്കറ്റാണെന്ന് എന്‍ഐഎ. ഇവരെ ആനിക്കാട് ബ്രദേഴ്‌സ് എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ രണ്ട് പേര്‍ മാത്രം നേതൃത്വം നല്‍കുന്നതല്ല ഈ ടീമെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ എല്ലാവരെയും കണ്ടെത്തുക ദുഷ്‌കരമാണ്. അതേസമയം ശിവശങ്കര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ സ്വത്ത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നാണ് വ്യക്തമാകുന്നത്.
സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയിരുന്നത് ആനിക്കാട് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന രണ്ട് പേരാണ്. സ്വര്‍ണക്കടത്തിന് പുറമേ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മൂവാറ്റുപുഴയിലെ ഒരു വ്യാപാരിയും നിരീക്ഷണത്തിലാണ്. ജലാല്‍ മുഹമ്മദും റബിന്‍സിനും പുറമേ മൂവാറ്റുപുഴ സ്വദേശികളായ വേറെയും ചിലര്‍ സ്വര്‍ണക്കടത്തില്‍ ഉണ്ടെന്നാണ് സൂചന. ദുബായിലെ ഹവാല ഇടപാടുകളില്‍ അന്വേഷണ ഏജന്‍സികള്‍ പലവട്ടം പരിശോധനകള്‍ നടത്തിയിട്ടുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ബന്ധുക്കളാണ് റബിന്‍സും ജലാലും.
ആനിക്കാട് ബ്രദേഴ്‌സാണ് റബിന്‍സിനെയും ജലാലിനെയും സ്വര്‍ണക്കടത്തിലേക്ക് എത്തിച്ചത്. മുമ്പ് ഇവര്‍ക്കെതിരെ അന്വേഷണമുണ്ടായപ്പോള്‍ വിദേശത്തേക്ക് കടത്തി ഇവരെ രക്ഷിച്ചതും ആനിക്കാട് ബ്രദേഴ്‌സാണ്. അന്ന് ഇവരെ പിടിക്കാന്‍ കഴിഞ്ഞില്ല. കുറഞ്ഞ കാലം ഇവര്‍ വന്‍ തോതിലാണ് സ്വത്ത് സമ്പാദിച്ചത്. 2015ല്‍ നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ പുറത്തിറങ്ങിയ സജീവമായപ്പോഴാണ് ആനിക്കാട് ബ്രദേഴ്‌സിന്റെ നിയന്ത്രണത്തിലേക്ക് ഗള്‍ഫിലെ സ്വര്‍ണക്കടത്ത് എത്തിയത്.
നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്താമെന്ന് പ്ലാന്‍ ചെയ്തത് റമീസാണ്. ഇക്കാര്യം സ്വപ്‌ന വെളിപ്പെടുത്തി. റമീസും സന്ദീപും ചേര്‍ന്നായിരുന്നു ആസൂത്രണം. ഇരുവരും ദുബായില്‍ വെച്ചാണ് ആദ്യം കാണുന്നത്. തുടര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്. അതിന് ശേഷമാണ് സരിത്തിനെയും അതിലൂടെ സ്വപ്‌നയെയും റാക്കറ്റിലേക്ക് ഇവര്‍ എത്തിക്കുന്നത്. ഇവരുടെ പരിചയം വഴി നയതന്ത്ര ബാഗില്‍ സംശയം തോന്നാത്ത വിധം സ്വര്‍ണം കടത്താമെന്ന പദ്ധതി റമീസ് രൂപീകരിക്കുകയായിരുന്നു.
സ്വപ്‌ന സുരേഷിന് സ്വര്‍ണക്കടത്തിനൊപ്പം വന്‍കിട റിയല്‍ എസ്റ്റേറ്റ് ബിസിനസ് സംരംഭങ്ങളുമുണ്ടായിരുന്നു. ഇവയില്‍ ഇടനിലക്കാരിയുമായിരുന്നു. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ നിക്ഷേപം, അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണ്. സ്വപ്‌നയുടെ മൊഴിയും ഇക്കാര്യം ഉറപ്പിക്കുന്നു. 1.5 കോടി രൂപയും ഏകദേശം 123 പവനുമാണ് രണ്ട് ലോക്കറുകളില്‍ നിന്നായി കണ്ടെത്തിയത്. സ്വര്‍ണം വിവാഹ സമ്മാനമാണെന്ന് സ്വപ്‌നയുടെ മൊഴിയിലുണ്ട്. സ്വപ്‌നയുടെ ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോള്‍ അഞ്ച് കിലോ സ്വര്‍ണമുണ്ടായിരുന്നുവെന്ന് മൊഴിയിലുണ്ട്.
അതേസമയം 11 ഇടങ്ങളില്‍ ഒത്തുകൂടിയാണ് സ്വര്‍ണം കടത്തുന്നതിനായി ഗൂഢാലോചന നടത്തിയത്. പ്രതികള്‍ ഒത്തുകൂടിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി എന്‍ഐഎ പറയുന്നു. റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സ്വപ്‌ന അടക്കമുള്ളവര്‍ നടത്തിയ കള്ളപ്പണ ഇടപാടുകളെ കുറിച്ച് വിശദമായി പഠിക്കുന്നുണ്ട്.