കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം നല്‍കിയ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയില്‍ മോചിതനായി. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് രണ്ട് മാസത്തേക്ക് ശിവശങ്കര്‍ ജാമ്യം നേടിയത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴക്കേസില്‍ പ്രതിയായ എം ശിവശങ്കര്‍ അഞ്ച് മാസത്തിലധികമായി ജയിലിലായിരുന്നു. ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ട് പോകരുതെന്നാണ് സുപ്രീംകോടതിയുടെ ജാമ്യവ്യവസ്ഥ. ലൈഫ് മിഷന്‍ കേസില്‍ ഒന്നാം പ്രതിയാണ് ശിവശങ്കര്‍. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ മാസം അവസാനം കൊച്ചിയിലെ വിചാരണ കോടതി തള്ളിയിരുന്നു. ചികിത്സയ്ക്കായി ജാമ്യം വേണമെന്നാണ് ശിവശങ്കര്‍ അന്നും ആവശ്യപ്പെട്ടത്. ഇതിനിടെയാണ് ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.