കൊലക്കേസ് പ്രതികള്‍ ജയിലില്‍ മദ്യപിക്കുന്നതിന്റെയും ഫോണ്‍ ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്

ജയിലിനുള്ളില്‍ കഴിയുന്ന തടവുപുള്ളികള്‍ മദ്യപിക്കുന്നതിന്റെയും ഫോണ്‍ ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സംഭവം വിവാദമായതോടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയത്. വെടിവെയ്പ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന അന്‍ഷു ദീക്ഷിത്, സൊഹ്‌റാബ് എന്നിവരും മറ്റ് നാലുപേരുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കണമെന്ന കാര്യവും ഇവരിലൊരാള്‍ ഫോണിലൂടെ പറയുന്നുണ്ട്.

ജയിലര്‍ക്ക് പതിനായിരം രൂപയും ഡെപ്യൂട്ടി ജയിലര്‍ക്ക് 5000 രൂപയും നല്‍കണമെന്നാണ് ഇവര്‍ ഫോണിലൂടെ ആവശ്യപ്പെടുന്നത്. മാത്രമല്ല മദ്യമെത്തിക്കുന്ന കാര്യവും ആവശ്യപ്പെടുന്നുണ്ട്. സഹതടവുകാരില്‍ ആരോ പകര്‍ത്തിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലുടനീളം പ്രചരിച്ചത്. തുടര്‍ന്ന് ആറ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി ബീഹാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ വെളിപ്പെടുത്തി. വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദമായതോടെ ജയില്‍ സൂപ്രണ്ടും റായ്ബറേലി ജില്ല മജിസ്‌ട്രേട്ടും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വിവിധ സെല്ലുകളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന സിഗരറ്റ്, ലൈറ്ററുകള്‍, പഴങ്ങള്‍, പലഹാരങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

Top