മഅദ്‌നിയുടെ ഭാര്യഉള്‍പ്പെട്ട കേസിലെ പ്രതിയെ യുഎഇ സര്‍ക്കാര്‍ നാടുകടത്തി; ബസ് കത്തിക്കല്‍ കേസിലെ പ്രതിയ അറസ്റ്റ് ചെയ്തത് ഡല്‍ഹി വിമാനത്താവളത്തില്‍

ന്യൂഡല്‍ഹി: അബ്ദുള്‍ നാസര്‍ മഅദ്‌നിയുടെ ഭാര്യ സൂഫിയ മഅദ്‌നി പ്രതിയായ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ കൂട്ടു പ്രതി അനൂപിനെ യു എ ഇ സര്‍ക്കാര്‍ നാടുകടത്തി. കേന്ദ്ര സാര്‍ക്കാരിന്റെ ആവശ്യപ്രകാരമായിരുന്നു ദുബായില്‍ കഴിയുന്ന ഇയാളെ നാട്ടിലേക്ക് വിട്ടത്. ഡല്‍ഹിയിലെത്തിയ അനൂപിനെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു.

ലഷ്‌കര്‍ ഭീകരര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളിയായ അനു എന്ന അനൂബ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. എറണാകുളം പറവൂര്‍ സ്വദേശിയായ അനൂബിനെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബസ് കത്തിച്ച ശേഷം ഗള്‍ഫിലേക്ക് കടന്ന ഇയാളെ തിരികെ എത്തിക്കുന്നതില്‍ കേരളാ പോലീസ് വിജയിച്ചിരുന്നില്ല. തുടര്‍ന്ന് എന്‍ഐഎ കേസ് ഏറ്റെടുത്ത ശേഷം അനൂബിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരുന്നു. ഭാരതവും യുഎഇയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള നിയമം കൊണ്ടുവന്നതോടെയാണ് അനൂപിനെ തിരികെ എത്തിക്കാന്‍ സാധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് തട്ടിയെടുത്ത് കളമശ്ശേരിയില്‍ വെച്ച് കത്തിച്ചതാണ് കേസ്. 2005 സപ്തംബര്‍ 9ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. കളമശ്ശേരിക്കടുത്ത് ഒഴിഞ്ഞ സ്ഥലത്ത് യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ട ശേഷമാണ് പിഡിപി പ്രവര്‍ത്തകരായ പ്രതികള്‍ ബസ് കത്തിച്ചത്.

കേസ് ഏറ്റെടുത്ത എന്‍ഐഎ സംഘം അന്വേഷണം പൂര്‍ത്തിയാക്കി 2010 ഡിസംബറില്‍ 13പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളത്തുനിന്നും സേലത്തേക്ക് യാത്ര ആരംഭിച്ച ബസ്സിനെ പിന്തുടര്‍ന്നവരില്‍ ഒരാള്‍ അനൂബാണെന്നാണ് എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നത്. ബസ് കത്തിക്കാനുള്ള ഗൂഢാലോചനയില്‍ അനൂബിന് നേരിട്ട് പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു. ദല്‍ഹിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ അനൂബിനെ ഉടന്‍ കേരളത്തിലെത്തിക്കും. ഈ കേസില്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയും പ്രതിയാണ്.

Top