ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശില്‍ കനത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രാജസ്ഥാനില്‍ 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെപി 85 ല്‍ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചനം.
അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തെലുങ്കാനയില്‍ ടി.ആര്‍.എസ് ഭരണം തുടരുമെന്നും സര്‍വേ പറയുന്നു.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനും രണ്ടെണ്ണം ബിജപിക്കും ഒപ്പം. റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത്, ടൈംസ് നൗ സിഎന്‍എക്‌സ് എന്നിവ ബിജെപിക്കൊപ്പവും ഇന്ത്യ ന്യൂസ് എംപി, ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ കോണ്‍ഗ്രസിനൊപ്പവുമാണ്.
റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ ബിജെപി 108-128 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 95-115 സീറ്റുമായി പ്രതിപക്ഷത്തിരിക്കേണ്ട് വരുമെന്നും റിപ്പബ്ലിക് ടിവി ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ പറയുന്നു.
ഇതില്‍ നിന്നും വ്യത്യസ്തമായി ടൈംസ് നൗ- സിഎന്‍എക്‌സ് എക്‌സിറ്റ്‌പോള്‍ ബിജെപി 126 സീറ്റ് മാത്രമേ പ്രവചിക്കുന്നുള്ളൂ. കോണ്‍ഗ്രസ് 89 സീറ്റും ബിഎസ്പി 6 സീറ്റും നേടുമെന്ന് ടൈംസ് നൗ സിഎന്‍എക്‌സ് എക്‌സിറ്റ്‌പോള്‍ പറയുന്നു.
എന്നാല്‍ ഇന്ത്യ ന്യൂസ് എംപിയുടെ എക്‌സിറ്റ് പോള്‍ ഫലം ബിജെപി 106 സീറ്റിലൊതുങ്ങുമെന്നും കോണ്‍ഗ്രസ് 112 സീറ്റുമായി മുന്നിലെത്തുമെന്നും പ്രവചിക്കുന്നു. 116 സീറ്റാണ് കേവല ഭുരിപക്ഷത്തിനായി വേണ്ടത്. മറ്റുള്ളവര്‍ 12 സീറ്റ് കരസ്ഥമാക്കുമെന്നും ഇന്ത്യ ന്യൂസ് എംപിയുടെ എക്‌സിറ്റ് പോള്‍ പറയുന്നു.
ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ബിജെപിക്ക് 102-120 സീറ്റും കോണ്‍ഗ്രസിന് 104-122 സീറ്റും പ്രവചിക്കുന്നു.