കോടതി വെറുതെ വിടുമെന്നുറപ്പായപ്പോള്‍ ജയിലിനു പുറത്തിറക്കി വെടിവെച്ചുകൊന്നു; സിമി പ്രവര്‍ത്തകരുടെ കൊല വ്യാജ ഏറ്റുമുട്ടലിലൂടെ; രാജ്യം ഈ ജനാധിപത്യത്തെയോര്‍ത്ത് തലകുനിയ്ക്കുന്നു

ഭോപാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരായിരുന്ന എട്ടുസിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന കഥ വ്യാജമെന്ന് തെളിയുന്നു. ജയില്‍ ചാടിയ തടവുകാരെ പിന്തുടര്‍ന്ന് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു പോലീസ് നിലപാട്.എന്നാല്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന തെളിവുകളുമായി മാധ്യമങ്ങള്‍ രംഗത്തെത്തുകയായിരുന്നു.

ജയിലില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ മധ്യപ്രദേശ് പൊലീസ് വെടിവച്ചുകൊന്നത് ഏറ്റുമുട്ടലിലൂടെ അല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകല്‍ വ്യക്തമാക്കുന്നത്. പൊലീസ് ഇവരെ നിരത്തി നിര്‍ത്തി വെടിവച്ചുകൊന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ നേതൃത്വത്തില്‍ ഉന്നതാന്വേഷണത്തിന് ഉത്തരവിട്ടു. മണിഖേഡ പത്താര്‍ ഗ്രാമത്തില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ വിചാരണത്തടവുകാരായ എട്ടുപേരും വധിക്കപ്പെട്ടത്. തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ എഡിജി സുശോഭന്‍ ബാനര്‍ജിയെ മുഖ്യമന്ത്രി നീക്കംചെയ്തു. ജയില്‍ സൂപ്രണ്ട്, ജയിലര്‍ എന്നിവരടക്കം നാല് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലായി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ നിസ്പക്ഷ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജയില്‍ച്ചാട്ടവും ഏറ്റുമുട്ടലും ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി സിമി പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ പര്‍വേസ് അലം പറഞ്ഞു. ‘അതീവ സുരക്ഷാജയിലില്‍നിന്ന് അര്‍ധരാത്രിക്കുശേഷം എട്ടുപേര്‍ രക്ഷപ്പെട്ടത് അദ്ഭുതമായിരിക്കുന്നു. അവര്‍ ജയിലില്‍നിന്നു പുറത്തുവന്നത് ആരുടെ പ്രേരണയിലാണ്, ആരാണുപിന്നില്‍ എന്ന് അന്വേഷിക്കണം’- അലം ആവശ്യപ്പെട്ടു.

പ്രതികള്‍ ജയില്‍ ചാടിയതാണോ ആരെങ്കിലും ജയില്‍ ചാടിച്ചതാണോ എന്നാണ് ഇതേകുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങിന്റെ ചോദ്യം. ഇത് ഗൗരവമേറിയ വിഷയമാണ്. നേരത്തെ സിമി പ്രവര്‍ത്തകര്‍ ഖാന്ദ്വാ ജയില്‍ ചാടി. ഇപ്പോള്‍ ഭോപ്പാല്‍ ജയിലും. ഇതെങ്ങനെ ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഏറ്റുമുട്ടല്‍ രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ദ്വിഗ്വിജയ് സിങ് ആരോപിച്ചു. പ്രതികളെല്ലാം ഒരേ സ്ഥലത്ത് എങ്ങനെയെത്തിയെന്ന് ആം ആദ്മി പാര്‍ട്ടിയും സംശയം പ്രകടിപ്പിക്കുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടത്.

കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകം ദുരൂഹമാണെന്നാണ് പ്രതികളുടെ അഭിഭാഷകര്‍ പറയുന്നത്. കേസില്‍ ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ ഇതുവരെ സര്‍ക്കാരിന് ആയിട്ടില്ല. അനുകൂലമായ വിധി കാത്തിരിക്കുന്നവര്‍ക്ക് തടവ് ചാടേണ്ട ആവശ്യവുമില്ല. ഇവര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം മജിസ്ട്രേറ്റ് കോടതി തള്ളിയതാണ്. എന്നാല്‍ യുഎപിഎ ചുമത്തിയത് കാരണം പ്രത്യേക കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. പ്രതികള്‍ കുറ്റവിമുക്തരാകുമെന്ന കാര്യം തനിക്ക് ഉറപ്പായിരുന്നെന്നും അവരും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും അഭിഭാഷകന്‍ തഹാവുര്‍ ഖാന്‍ പറയുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും സത്യസന്ധമായ അന്വേഷണം നടന്നാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവര്‍ത്തകരായ മുജീബ് ഷെയ്ഖ്, മുഹമ്മദ് സാദിഖ്, മെഹബൂബ് ഗുഡു, അഖീല്‍, സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ മജീദ്, അംസാദ്, മുഹമ്മദ് ഖാലിദ് എന്നിവരാണു കൊല്ലപ്പെട്ടത്. കരസേനയുടെ 21 കോര്‍ സുദര്‍ശനചക്ര ആസ്ഥാനത്തിനു സമീപമാണ് അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയില്‍. പുലര്‍ച്ചെ രണ്ടോടെ ജയില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ രമാശങ്കര്‍ യാദവിനെ കൊലപ്പെടുത്തിയശേഷമാണ് എട്ടുപേരും ജയില്‍ ചാടിയത്. അതിക്രൂരമായിട്ടായിരുന്നു കോണ്‍സ്റ്റബിള്ളിന്റെ കൊല നടത്തിയത്. ഇതിലുള്ള പ്രതികാരമാണ് തടവുകാരെ കൊന്നതിലൂടെ പൊലീസ് ചെയ്തതെന്നാണ് ആരോപണം.

കിടക്കവിരി പിരിച്ചുകെട്ടിയാണു 32 അടി ഉയരമുള്ള മതില്‍ ഇവര്‍ ചാടിക്കടന്നത്. മൂന്നേകാലോടെ പൊലീസ് തിരച്ചില്‍ തുടങ്ങി. എട്ടുപേരുടെയും ഫോട്ടോകളും പുറത്തുവിട്ടു. രാവിലെ ഒന്‍പതോടെ മണിഖേഡ പത്താറില്‍ സംശയകരമായ സാഹചര്യത്തില്‍ ഏതാനും പേരെ കണ്ടതോടെ ഗ്രാമമുഖ്യന്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നല്‍കിയ ഫോട്ടോകള്‍ ഗ്രാമവാസികള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണു സംസ്ഥാന പൊലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഗ്രാമത്തിലെത്തിയത്. പിന്നീടായിരുന്നു കൊല. പൊലീസ് ഒരാള്‍ക്കു നേരെ തൊട്ടടുത്തുനിന്നു വെടിയുണ്ടകള്‍ പായിക്കുന്ന ദൃശ്യം ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ സംഭവം വിവാദമായി. ദൃശ്യത്തില്‍ ഒരാള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ കത്തിയെന്നു തോന്നിക്കുന്ന വസ്തു പുറത്തെടുക്കുകയും തിരിച്ചുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണു പൊലീസ് നിറയൊഴിക്കുന്നത്.
സിമി പ്രവര്‍ത്തകര്‍ ആയുധധാരികളായിരുന്നുവെന്നും പൊലീസിനു നേരെ നിറയൊഴിച്ചെന്നും ഭോപാല്‍ ഐജി യോഗേഷ് ചൗധരി പറഞ്ഞപ്പോള്‍, അവര്‍ നിരായുധരായിരുന്നുവെന്നാണു ഭീകരവിരുദ്ധ സ്‌ക്വാഡ് ഐജി സഞ്ജീവ് ശമി പറഞ്ഞത്. ഇതു വൈരുദ്ധ്യം ചര്‍ത്തയാക്കി.ജയിലില്‍നിന്നുള്ള സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നിരായുധനായ ആളെ പൊലീസ് വെടിവയ്ക്കുന്ന ടിവി ദൃശ്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ പൊലീസിന് ഉന്മൂലനമല്ലാതെ വഴിയില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി.

വിജനമായ പ്രദേശത്ത് പ്രതികളെ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെടിയേറ്റുവീണുകിടക്കുന്ന സിമി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ചെറിയ അനക്കമുള്ളവര്‍ക്ക് മേല്‍ വീണ്ടും നിയറയൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശേഷം മുന്‍കൂട്ടി വച്ചത് പോലെ യാതൊരു ഭാവഭേദവുമില്ലാതെ ഒരു ഉദ്യോഗസ്ഥന്‍ ഒരാളുടെ അരയില്‍ നിന്നും കഠാര കണ്ടെടുക്കുന്ന രംഗങ്ങളും പകര്‍ത്തിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്ന വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഇന്ത്യാ ടുഡെയാണ് ദൃശ്യങ്ങള്‍ ആദ്യം പുറത്തുവിട്ടത്. അതേസമയം, ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിട്ടില്ല.
2013 ഒക്ടോബര്‍ രണ്ടിനു ഖാണ്ഡ്വ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ ഏഴുപേരില്‍ നാലുപേരെ മൂന്നുവര്‍ഷത്തിനു ശേഷമാണു പൊലീസ് പിടികൂടി സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ഇവരില്‍ രണ്ടുപേര്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരിലൊരാളായ ഗുഡു എന്ന മെഹബൂബ് മാലിക് (ഷെയ്ക്ക് മെഹബൂബ്-32) കൊച്ചി എന്‍ഐഎ കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന വാഗമണ്‍ സിമി ആയുധപരിശീലന കേസിലെ 310ാം പ്രതിയായിരുന്നു. 2007ല്‍ വാഗമണിലെ തങ്ങള്‍പാറയില്‍ മെഹബൂബ് മാലിക് അടക്കമുള്ള പ്രതികള്‍ ആയുധപരിശീലനം നടത്തിയെന്നാണ് എന്‍ഐഎ കുറ്റപത്രം ആരോപിക്കുന്നത്.
മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ തയ്യല്‍ജോലിക്കാരനായിരുന്ന മെഹബൂബ് മാലിക് രാജ്യത്തു ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ രഹസ്യയോഗങ്ങളിലും ആയുധപരിശീലനത്തിലും പങ്കാളിയായതായും എന്‍ഐഎ കണ്ടെത്തി.2015 ഡിസംബര്‍ 30ന് ആണു ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വാഗമണ്‍ കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എന്‍ഐഎ സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിലാണ് ഇയാളെ പ്രതിയാക്കിയത്.

ഏഴ് തലത്തില്‍ സുരക്ഷാക്രമീകരണമുള്ള റെയ്ഡില്‍ നിന്ന് സ്പൂണും കത്തിയും ഉപയോഗിച്ച് ജയില്‍ ചാടിയെന്ന വാദവും സംശയത്തിന് ഇടനല്‍കുന്നു. രണ്ട് ഗാര്‍ഡുകള്‍ മാത്രമേ സെന്‍ട്രല്‍ ജയിലില്‍ ഉള്ളുവോ എന്നതാണ് മറ്റൊരു ചോദ്യം. പുലര്‍ച്ചെ രണ്ട് മണിക്ക് എട്ട് പേരും ചേര്‍ന്ന് ജയില്‍ ഗാര്‍ഡ് രാംനരേഷ് യാദവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് സാധാരണ ഗതിയില്‍ തടവുകാര്‍ സെല്ലുകളില്‍ കഴിയുന്ന സമയമാണ്. സെല്ലുകളില്‍ കഴിയുന്ന ഇവര്‍ എങ്ങനെ പുറത്തുകടന്നുവെന്നതിന് വ്യക്തമായ വിശദീകരണം ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ല.
ദീപാവലി ആഘോഷത്തിനിടെ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യമൊട്ടാകെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതാണ്. സിമി ബന്ധം ആരോപിക്കപ്പെടുന്ന തടവുകാരെ പാര്‍പ്പിച്ച ജയിലില്‍ ഇത്രയും വലിയ സുരക്ഷാ വീഴ്ച്ച എങ്ങനെ ഉണ്ടായി. എന്നതിനും ഉത്തരമില്ല. ജീന്‍സും ഷര്‍ട്ടും ഷൂസും വാച്ചും അണിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. സെല്ലുകളില്‍ കഴിയുന്നവര്‍ക്ക് ഷൂസും വാച്ചും അണിയാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നോ എന്നതും സംശയത്തിന് ഇടനല്‍കുന്നു

Top