ഡല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് പണി നല്‍കി തോറ്റ മന്ത്രിയും. ബിജെപിയുടെ ശക്തിസാമ്രാജ്യമായിരുന്ന മധ്യപ്രദേശില്‍ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി മുന്‍ മന്ത്രി അര്‍ച്ചന ചിത്നിസാണ് ഭീഷണിയുമായി എത്തിയത്. തനിക്ക് വോട്ട് ചെയ്യാത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അര്‍ച്ചനയുടെ വാക്കുകള്‍.
ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ അര്‍ച്ചനയെ തോല്‍പ്പിച്ചത് ബര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച താക്കൂര്‍ സുരേന്ദ്രയാണ്. 5120 വോട്ടുകള്‍ക്കായിരുന്നു താക്കൂര്‍ സുരേന്ദ്രയുടെ ജയം. ഇതോടെ തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. ഫലം പുറത്ത് വന്നതിന് ശേഷം ഒരു പൊതുപരിപായില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അര്‍ച്ചന വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്.
‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.