മരുമകളെ ക്രൂരമായി പീഡിപ്പിച്ച കുറ്റത്തിന് മദ്രാസ് ഹൈക്കോടതി റിട്ടയർഡ് ജഡ്ജ് നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും അറസ്റ്റിൽ. ഇവർ മൂവരും ചേർന്ന് മരുമകളെ പീഡിപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. അഞ്ച് മാസം മുൻപ് നടന്ന സംഭവത്തിൻ്റെ വീഡിയോ റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മ തന്നെയാണ് പുറത്തു വിട്ടത്.
2 മിനിട്ട് 20 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വീഡിയോ. ആദ്യം റാവുവിൻ്റെ മകൻ എൻ വസിഷ്ടയാണ് സിന്ധുവിനെ മർദ്ദിക്കുന്നത്. ഇതിനിടെ റാവുവും ഭാര്യ ദുര്‍ഗ ജയലക്ഷ്മിയും കടന്നുവരികയും ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരെ വകവെക്കാതെ വസിഷ്ട മര്‍ദ്ദനം തുടരുമ്പോള്‍ റാവു സിന്ധുവിന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും സോഫയിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. സിന്ധുവിൻ്റെയും വസിഷ്ടയുടെയും കുഞ്ഞുമക്കളും വീഡിയോയിലുണ്ട്. അമ്മയെ മൂന്നു പേർ ചേർന്ന് തല്ലുന്നത് നോക്കി നിൽക്കുകയും ഇടയിൽ കയറാൻ ശ്രമിക്കുകയും ചെയ്യുന്ന ഇവരെ വശത്തേക്ക് മാറ്റി നിർത്തുന്നതും വീഡിയോയിൽ കാണാം.
ഏപ്രിൽ 20നായിരുന്നു മർദ്ദനം. 27ന് ഹൈദ്രാബാദ് പോലീസ് ക്രൈം സ്‌റ്റേഷനില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ സിന്ധു ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. തനിക്ക് ഭ്രാന്താണെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് അവർ മർദ്ദിച്ചതെന്ന് സിന്ധു പറയുന്നു. മർദ്ദനത്തിനു ശേഷം അവശനിലയിലായ സിന്ധുവിനെ ഇവർ ആശുപത്രിയിലേക്ക് കൊണ്ടു പോയി. സംഭവം ആരോടും പറയരുതെന്ന് റാവു തന്നെ ഭീഷണിപ്പെടുത്തിയതായി സിന്ധു പറയുന്നു. 26ന് ആശുപത്രി വിട്ട ശേഷമാണ് 27ന് സിന്ധു പരാതി നൽകിയത്.
In the video you can see the retired Chief Justice of Tamil Nadu Justice Nooty Ram Mohan Rao bashing and manhandling his daughter in law with the support of his wife and son. pic.twitter.com/WZFEkRpbGS
— Pandit Ji (@panditjipranam) September 20, 2019
തനിക്കെതിരെ ഭർത്താവ് വിവാഹമോചന പരാതി നൽകിയതിനെത്തുടർന്നാണ് സിന്ധു വീഡിയോ പുറത്തു വിട്ടത്. “എൻ്റെ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് വർഷങ്ങളായുള്ള ഈ പീഡനം ഞാൻ സഹിച്ചത്. എന്നിട്ടാണ് ഇപ്പോൾ അയാൾ വിവാഹ മോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യാനോ അയാളിൽ നിന്നും നഷ്ടപരിഹാരം വാങ്ങാനോ എനിക്ക് ഉദ്ദേശ്യമില്ല. എനിക്കെൻ്റെ ഭർത്താവിനെ വേണം. എൻ്റെ മക്കൾക്ക് വേണം. രണ്ടിടങ്ങളിൽ ആയിരുന്നാലും അങ്ങനെയുണ്ടാവണം. പണ്ടും ഇപ്പോഴും എൻ്റെ ഭർത്താവിനെ അയാളുടെ മാതാപിതാക്കളാണ് നിയന്ത്രിക്കുന്നത്.”- സിന്ധു പറഞ്ഞു.
ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്.