കൊച്ചി: എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം കേസിലെ മുഖ്യപ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മഹാരാജാസ് കോളെജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളെജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല. ഇവരടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമുള്ള പത്തുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.
കോളെജിന്റെ പിൻമതിലിലെ ചുവരെഴുത്തിനുള്ള അവകാശത്തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. സംഘർഷസ്ഥലത്തിന് എതിർവശത്തുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽനിന്ന് അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു. അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ക്യാംപസ് ഫ്രണ്ട് പ്രവർത്തകനും വിദ്യാർഥിയുമായ വടുതല സ്വദേശി മുഹമ്മദ് ഉൾപ്പെടെയുള്ളവരാണ് ഒളിവിൽ പോയത്. നവാഗതരെ വരവേൽക്കാൻ തങ്ങള്‍ ബുക്ക് ചെയ്ത മതിലിൽ ക്യാംപസ് ഫ്രണ്ട് ചുവരെഴുതിയെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനു മേലെ ‘വർഗീയത’ എന്നെഴുതി ചേർത്തതിന്റെ പേരിൽ തർക്കമായി. അൽപസമയത്തിനകം പുറത്തുനിന്നുള്ള ഇരുപതോളം പേരുമായി ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ മടങ്ങിയെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. അഭിമന്യുവിനെ പിന്നിൽ നിന്നു കുത്തുകയായിരുന്നു. അടുത്തു തന്നെയുള്ള ജനറൽ ആശുപത്രയിലെത്തിക്കുമ്പോഴേക്കും രക്തം വാർന്നു മരിച്ചു.
ഇടുക്കി വട്ടവടയില്‍ തമിഴ് വംശജരായ മനോഹരൻ–ഭൂപതി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയ ആളാണ് അഭിമന്യു. സംസ്കാരം നടത്തി. സഹോദരങ്ങൾ: ബർജിത്, കൗസല്യ.
വയറ്റിൽ കുത്തേറ്റ അർജുന്റെ ആന്തരികാവയവങ്ങൾക്കെല്ലാം പരുക്കുണ്ട്. ആശുപത്രിയിലെത്തിയ ഉടൻ ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു. ഇടതു തുടയിൽ കുത്തേറ്റ എംഎ ഇക്കണോമിക്സ് വിദ്യാർഥി വിനീത്‌കുമാർ പ്രാഥമികചികിൽസയ്ക്കു ശേഷം ആശുപത്രിവിട്ടു.