മുംബൈ: സംസ്ഥാന നിയമസഭയിലെ ഉപരിസഭാ സീറ്റുകളെചൊല്ലി കോണ്‍ഗ്രസ്സ് തര്‍ക്കം. നിലവിലെ 12 സീറ്റുകള്‍ പങ്കിടണമെന്ന അവകാശവാദമാണ് ഉദ്ധവ് താക്കറേയ്ക്ക് മേല്‍ കോണ്‍ഗ്രസ്സ് ഉന്നയിക്കുന്നത്. നിലവില്‍ 12 സീറ്റുകളില്‍ ശിവസേന 5, എന്‍.സി.പി 4, കോണ്‍ഗ്രസ്സ് 3 എന്നീ നിലയിലാണുള്ളത്. ഇത് നാലുവീതം തുല്യമാക്കാനാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നത്. ഇന്നു നടക്കുന്ന യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ ധാരണയാകുമെന്നാണ് കോണ്‍ഗ്രസ്സ് സംസ്ഥാന നേതാവ് അശോക് ചവാന്‍ പറയുന്നത്.
കഴിഞ്ഞ മാസം എന്‍.സി.പി നേതാവ് ശരദ് പവാര്‍ ഗവര്‍ണറുമായും ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറേയുമായും നടത്തിയ ചര്‍ച്ചക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. ഓരോ പാര്‍ട്ടിയും ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യരുതെന്നും എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള ചര്‍ച്ചകളെ നടത്താവൂ എന്നും രാഹുല്‍ വാദിച്ചു.
ഞങ്ങള്‍ ഭരണത്തില്‍ തുല്യപങ്കാളിത്തം ആവശ്യപ്പെടുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ തീരുമാനം എടുക്കുന്നതില്‍ കോണ്‍ഗ്രസ്സിനെ പരിഗണിക്കുന്നില്ല. രാജസ്ഥാനിലും പഞ്ചാബിലും ഛത്തീസ്ഗഢിലും പുതുച്ചേരിയിലും ഇതല്ല അവസ്ഥ. ഒരു സര്‍ക്കാറിനെ നയിക്കുന്നതും പിന്തുണക്കുന്നതും രണ്ടാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
ഭരണം പോലും ഇല്ലാത്തിടത്ത് എന്ത് സീറ്റ് ചര്‍ച്ചയെന്നാണ് ബിജെപി ചോദിക്കുന്നത്. സംസ്ഥാനം കൊറോണ ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്ര ചൈനയെ കടത്തിവെട്ടിയിരിക്കുന്നു. ജനങ്ങള്‍ മരിച്ചുവീഴുന്നു. ഇതിനിടെ അധികാരവടംവലിയുമായി നടക്കുകയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് നേതാക്കന്മാരെന്ന് ബിജെപി കുറ്റപ്പെടുത്തി.