സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി ജൂലിയനെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. ജൂലി ജൂലിയന്റെ പരാതിയില്‍ കുമളി പൊലീസാണ് കേസെടുത്തത്. ഒക്ടോബര്‍ 15നാണ് കേസിനാസപ്ദമായ സംഭവമുണ്ടായത്. വനിതാമേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലി ജൂലിയനെ കുമിളിയില്‍ വെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.
പ്രാണ എന്ന ചിത്രത്തിന്റെ ജോലിക്കായി എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഇവരുടെ വസ്തുക്കള്‍ മോഷണം പോയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. തനിക്ക് നേരെ ലൈംഗീക അതിക്രമം നടന്നുവെന്നും ജൂലി പരാതിപ്പെട്ടിരുന്നു.
കൊച്ചി ഐജിക്ക് നല്‍കിയ പരാതിയില്‍ ഹോട്ടല്‍ ഉടമ ഹാറൂണ്‍, ലോക്കല്‍ പ്രൊഡക്ഷന്‍ മാനേജര്‍ നിക്‌സണ്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വസ്തുക്കള്‍ നഷ്ടപ്പെട്ടതിനും ജോലി തടസപ്പെടുത്തിയതിനും 95000 രൂപ നഷ്ട പരിഹാരം വേണമെന്ന് ജൂലി ആവശ്യപ്പെട്ടിട്ടുണ്ട്. 11 വര്‍ഷമായി പരസ്യ ചിത്രീകരണ രംഗത്തും മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം മര്‍സലില്‍ ഉള്‍പ്പെടെ നായികയുടെ മേക്കപ്പ് ആര്‍ടിസ്റ്റായിരുന്നു ജൂലി. മലയാളം, തമിഴ്, കന്നട സിനിമകളിലെ മുന്‍ നിര താരങ്ങള്‍ക്ക് വര്‍ഷങ്ങളായി മേക്കപ്പിടുന്നു. ഗുണ്ടാ സാന്നിധ്യം മലയാള സിനിമയില്‍ ഉണ്ട് എന്നതിന്റെ തെളിവാണിതെന്നും ജൂലി പറഞ്ഞു.