കോയമ്പത്തൂര്‍: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടില്‍ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു.
മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാര്‍ച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസുകളില്‍ രാധാകൃഷ്ണനെതിരെ ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. കോടതിയില്‍ മൊഴി നല്‍കും മുന്‍പു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കി ശശീന്ദ്രനെ തളര്‍ത്താന്‍ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തല്‍.
കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബര്‍ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയില്‍, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ സനല്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു.