മലപ്പുറത്ത് ബിജെപി എട്ടുനിലയില്‍ തകര്‍ന്നു; ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ കലാപം

മലപ്പുറം: അടുത്ത ലോക്‌സഭാ തിരിഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ പതിനൊന്ന് സീറ്റുനേടുമെന്ന അമിത്ഷായുടെ പ്രഖ്യാപനത്തിന്റെ ചൂടാറും മുമ്പേ മലപ്പുറത്ത് ബിജെപിയ്ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ തവണത്തെക്കാള്‍ ആറിരട്ടി വോട്ട് പിടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച ബിജെപിക്ക് അധികം നേടാനായത് വെറും 970 വോട്ടുകള്‍ മാത്രം. ഒന്നര ലക്ഷത്തോളം പുതിയ വോട്ടര്‍മാരുണ്ടായിട്ടും അനുപാതികമായി വോട്ടിങ്ങ് ഉയര്‍ത്താന്‍ പോലും ബിജെപിയ്ക്കായില്ല. ഒരു ലക്ഷത്തിനടുത്ത് വോട്ടുനേടുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്.

ബീഫ് വിഷയത്തിലെ പാര്‍ടി നിലപാടുപോലും മിതപ്പെടുത്തി അവതരിപ്പിച്ചും കേന്ദ്രഭരണത്തിന്റെ പകിട്ട് ഉപയോഗപ്പെടുത്തിയും നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപിയുടെ പ്രതീക്ഷ തകര്‍ത്തു മലപ്പുറം ഉപതെരഞ്ഞെടുപ്പ്. മലപ്പുറത്തെ പ്രകടനം മെച്ചപ്പെടുത്തി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുതിപ്പ് കണ്ടെത്താനായിരുന്നു ബിജെപിയുടെ ലക്ഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ക്യാമ്പ് ചെയ്ത് പ്രചരണം കൊഴുപ്പിച്ചു. 90,000 വോട്ടിനു മുകളില്‍ നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു ശേഷം ബിജെപി വിലയിരുത്തിയത്.

2014ല്‍ 64,705 വോട്ട് നേടിയ ബിജെപി ഇക്കുറി 65,675 വോട്ടാണ് കിട്ടിയത്. 970 വോട്ടുകള്‍ അധികം. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ഗണ്യമായ നേട്ടം ഉണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 1,01,323 വോട്ടുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ 77607 വോട്ടുകളാണ് യുഡിഎഫ് നേടിയത്.
മലപ്പുറത്തുണ്ടാകുന്ന മുന്നേറ്റം പാര്‍ട്ടിക്ക് കുതിപ്പേകുമെന്നും അതുവഴി 2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങാമെന്നുമായിരുന്നു ബി.ജെ.പി കണക്ക് കൂട്ടിയിരുന്നത്. അതിനായി കെ.സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കള്‍ മലപ്പുറത്ത് തമ്പടിച്ചെങ്കിലും രക്ഷക്കെത്തിയില്ല. നിലവാരമുള്ള ബീഫ് വിളമ്പുമെന്ന് വരെ ബിജെപി സ്ഥാനാര്‍ഥി പറഞ്ഞെങ്കിലും മലപ്പുറത്തെ ജനത തള്ളിക്കളഞ്ഞു.

ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ മുസ്ലിംകളെ തല്ലിക്കൊല്ലുമ്പോഴാണ് കേരള ബി.ജെ.പിയുടെ ബീഫ് പ്രേമം. ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ഇരുമുന്നണികളും രംഗത്തെത്തിയതും ബി.ജെപിക്ക് കനത്ത പ്രഹരമായി. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ (73447) നേടിയ വോട്ട് പോലും ബി.ജെ.പിക്ക് നേടാനായില്ലെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി.

ദേശീയ രാഷ്ട്രീയത്തില്‍ ഗോവധ നിരോധനം പ്രധാന രാഷ്ട്രീയായുധമായ ബിജെപി, മലപ്പുറത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചാണ് ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ഗുണനിലവാരമുള്ള ബീഫ് നല്‍കുന്നതിന് ബീഫ് സ്റ്റാളുകള്‍ തുറക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായി.

സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങിയിട്ടും വോട്ടുകള്‍ കൂടാത്തത് കേന്ദ്രനേതൃത്വത്തിന്റെ വിമര്‍ശനം നേരിടേണ്ടിവരും. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കലങ്ങിമറിയുന്ന സംസ്ഥാന ബിജെപിയ്ക്കുളളില്‍ കൂടുതല്‍ കലാപത്തിലേയ്ക്ക് കാര്യങ്ങല്‍ നീക്കുന്നതായിരിക്കും മലപ്പുറം തിരഞ്ഞെടുപ്പ്.

Top