അടച്ചുപൂട്ടിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്തു തന്നെ തുടരാന്‍ കേന്ദ്ര വിദേശ മന്ത്രാലയത്തിന്‍റെ ഉത്തരവ്  

മലപ്പുറം: മലപ്പുറത്തുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത. അടച്ചുപൂട്ടിയ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്തു തന്നെ തുടരുന്നതിനായി കേന്ദ്ര വിദേശ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.. മലപ്പുറത്തു നിന്നും കഴിഞ്ഞ മാസം കോഴിക്കോട് ഓഫീസില്‍ ലയിപ്പിച്ച ഓഫീസ് അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മലപ്പുറത്തുതന്നെ തുടരാനുമാണു ഉത്തരവ്. ഇതു സംബന്ധിച്ച ഹൈക്കോടതിയില്‍ കേസ് നടക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാസ്‌പോര്‍ട്ട് ഓഫീസുകളിലൊന്നായിരുന്നു മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ്. കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മലപ്പുറത്തെ ഓഫീസ് അടച്ചുപൂട്ടിയത്. ഇതോടെ മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളും ഉദ്യോഗാര്‍ത്ഥികളും ദുരിതത്തിലായിരുന്നു. പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനുമായി നിരവധി പേരാണ് ദിവസവും മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്താറുള്ളത്. ഇത് അടച്ചുപൂട്ടിയതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ധിക്കുകയും ജനങ്ങള്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. മലപ്പുറം ജില്ലക്കാരും വയനാട്ടിലെ കുറച്ചു ഭാഗത്തെയും ആളുകള്‍ മലപ്പുറം കേന്ദ്രത്തെയാണ് ആശ്രയിച്ചിരുന്നത്. സേവാകേന്ദ്രം മലപ്പുറത്ത് തുടരുന്നതിനാല്‍ പുതിയ അപേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മാത്രമാണ് ഇവിടെ നടക്കുക. ആവശ്യക്കാര്‍ കോഴിക്കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാജ്യത്തെ 31ാമത്തെ പാസ്‌പോര്‍ട്ട് ഓഫീസായിരുന്നു മലപ്പുറത്തേത്. 2006 ആഗസ്ത് 26നാണ് ഈ കേന്ദ്രം സ്ഥാപിതമാകുന്നത്. അന്തരിച്ച കേന്ദ്രമന്ത്രിയും മുസ് ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ കഠിന പരിശ്രമത്തെത്തുടര്‍ന്നാണ് മൂന്നു പതിറ്റാണ്ടു കാലത്തെ ആവശ്യത്തിന് പരിഹാരമായത്.കരിപ്പൂര്‍ വിമാനത്താവളത്തെ തഴഞ്ഞ അതേ നീക്കമാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിനു നേരെയുമുണ്ടായത്. ലക്ഷകണക്കിനു പേരുടെ ദുരിതം അവഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം കൈകൊണ്ടത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് 1,93,451 പേരാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. അനുബന്ധ സേവനങ്ങളുടെ എണ്ണമാവട്ടെ 2,04,651 ഉം. ഇത്രയും പേര്‍ ഇനി കോഴിക്കോടിനെ ആശ്രയിക്കേണ്ടി വരും.പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുന്നതിനെതിരായ കുഞ്ഞാലിക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി കൂടുതല്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിന്റെ പ്രവര്‍ത്തനം നിറുത്തിവെക്കരുതെന്നാവശ്യവുമായി കുഞ്ഞാലിക്കുട്ടി സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് കാണിച്ച് മന്ത്രി എം പിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ നിയമനടപടികളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

2006 ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. കേന്ദ്ര മന്ത്രി സുഷമ സ്വരാജില്‍ നിന്ന് ലഭിച്ച കത്തിന്റെ പകര്‍പ്പുകള്‍ അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള ജില്ല എന്ന നിലക്ക് മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കുന്നത് തന്റെ മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ദുരിതമുണ്ടാക്കുമെന്നാണ് പാലമെന്റംഗം കൂടിയായ കുഞ്ഞാലിക്കുട്ടി അഡ്വ. കെ ഐ അബ്ദുല്‍ റഷീദ് മുഖേന സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. പതിനൊന്നു വര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ ഈ ഓഫീസില്‍ കൈകാര്യം ചെയ്തതായും ഏകദേശം 310 കോടി രൂപ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിലൂടെ സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേസിലെ അന്തിമ വിധി വരുന്നത് വരെ താല്‍കാലിക സ്‌റ്റേ അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി കോടിതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. അതേ സമയം താല്‍ക്കാലികമായി മാത്രമാണ് പാസ്‌പോര്‍ട്ട് ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുന്നതെന്നും ചില പ്രവര്‍ത്തനങ്ങള്‍കൂടിപൂര്‍ത്തിയായാല്‍ വീണ്ടും കോഴിക്കോട്ടേക്കു തന്നെ ലയിപ്പിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top