തിരുവനന്തപുരം: വനിതാ മതിലിനെതിരെ മലയാള മനോരമ ദിനപത്രം എതിരായ നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന്റെ കാരണം പുറത്തായിരിക്കുന്നു. 2015ലെ ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ‘റണ്‍ കേരള റണ്‍’ എന്ന പേരില്‍ കൂട്ടയോട്ടം സംഘടിപ്പിക്കാനെന്നപേരില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരില്‍ നിന്നും മനേരമ തട്ടിയെടുത്തത് പത്തര കോടി രൂപ.ദേശീയ ഗെയിംസ് സംഘാടനത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
70 ശതമാനം പരസ്യവും മനോരമയില്‍ കേന്ദ്രീകരിച്ചുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ ആവശ്യത്തിന് പണം ലഭ്യമാകാത്ത സാഹചര്യത്തില്‍ 6.88 കോടി രൂപ അധികമായി വകയിരുത്തി. കരാറില്‍ നിറയെ പഴുതുകള്‍ ഉണ്ടായിരുന്നതിനാലാണ് സര്‍ക്കാരിന് ഈ അധിക ബാധ്യത വന്നതെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡയറക്ടര്‍ ടി ഭാസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഗെയിംസിന്റെ പ്രചാരണാര്‍ഥം ജനുവരി 20ന് നടന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടത്തിന്റെ സംഘാടനം ഏകപക്ഷീയമായാണ് മനോരമയ്ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമ്മാനിച്ചത്. ചെലവിനത്തില്‍ 10.62 കോടി രൂപയും നല്‍കി. എന്നാല്‍, സംഘാടനം അപ്പാടെ പൊളിഞ്ഞുവെന്ന് മാത്രമല്ല, 6.68 കോടി രൂപയുടെ അധികബാധ്യത മനോരമ വരുത്തുകയും ചെയ്തു. ഏഴായിരം കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടത്തുമെന്നാണ് മനോരമ പ്രഖ്യാപിച്ചത്. എന്നാല്‍, നടന്നത് മൂവായിരത്തില്‍താഴെ കേന്ദ്രങ്ങളില്‍ മാത്രം.
കൂട്ട ഓട്ടവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും മനോരമ ആസൂത്രണംചെയ്ത് നടപ്പാക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കൂട്ടയോട്ടവുമായി ബന്ധപ്പെട്ട് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പരസ്യത്തിന്റെ പണം ഗെയിംസ് സെക്രട്ടറിയറ്റ് നല്‍കണമെന്ന് മനോരമ പിന്നീട് വ്യവസ്ഥ വച്ചു. മനോരമ ശുപാര്‍ശചെയ്യുന്ന തരത്തില്‍മാത്രമേ മറ്റ് മാധ്യമങ്ങള്‍ക്ക്‌നല്‍കാവൂ എന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഒരു കൂടിയാലോചനയുമില്ലാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതംഗീകരിക്കുകയും ചെയ്തു.
പത്രത്തിന്റെ ഏഴായിരം ഏജന്റുമാരെയും ജീവനക്കാരെയും ഉപയോഗിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കുമെന്നാണ് സര്‍ക്കാരിന് നല്‍കിയ വാഗ്ദാനം. എന്നാല്‍, സ്‌കൂളുകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ച് പണം മനോരമയ്ക്ക് നല്‍കുകയായിരുന്നു.