കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു . 89 വയസായിരുന്നു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.
അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. അക്കൽദാമ എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തായിരുന്നു ടി പി മാധവൻ സിനിമാ ജീവിതം ആരംഭിച്ചത്. 1975-ൽ റിലീസായ രാഗം എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങി. പിന്നീട് കോമഡി റോളുകളും സ്വഭാവ വേഷങ്ങളും ചെയ്തു.
പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.
1935 നവംബർ 7ന് തിരുവനന്തപുരത്ത് ആയിരുന്നു ടി പി മാധവൻ ജനിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പത്രപ്രവർത്തകനായിട്ടായിരുന്നു കരിയർ തുടങ്ങിയത്. നടൻ മധുവുമായുള്ള സൗഹൃദം നാടകത്തിലേക്കും സിനിമയിലേക്കും മാധവനെ എത്തിക്കുക്ക ആയിരുന്നു. നാല്പതാമത്തെ വയസിൽ ആയിരുന്നു അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്.
1975ൽ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു.