ഒമാനില്‍ കൊല്ലപ്പെട്ട നഴ്‌സ് ചിക്കുവിന്റെ മൃതദേഹം നാട്ടിലേക്ക്; കൊലയ്ക്ക് കാരണം മുന്‍വൈരാഗ്യം!

chikku_robert_murder_case_salala_oman

മസ്‌കറ്റ്: ഒമാനില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരുങ്ങുന്നു. ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ നാട്ടിലെത്തുമെന്ന് ഒമാന്‍ ഇന്ത്യന്‍ എംബസ്സി അധികൃതര്‍ അറിയിച്ചു. അതേമസമയം, ചിക്കുവിന്റെ കൊടലപാതകിയെ കണ്ടു പിടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവില്‍ വന്നിരിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായും സലാലയില്‍ നിന്ന് മസ്‌കറ്റില്‍ എത്തിച്ച ശേഷം അവിടെ നിന്ന് ഞായറാഴ്ച രാത്രി ഒമ്പതരക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഇന്ത്യന്‍ കോണ്‍സുലാര്‍ ഏജന്റ് മന്‍പ്രീത് സിംഗ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയിലെത്തും. റോയല്‍ ഒമാന്‍ പൊലിസ് കസ്റ്റഡിയിലുള്ള ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സണിന്റെ മോചനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അതിനാല്‍ തന്നെ മൃതദേഹത്തിനൊപ്പം ലിന്‍സണിന് നാട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും മന്‍പ്രീത് സിംഗ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലാല ബദര്‍ അല്‍സമ ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബര്‍ട്ടിനെ കഴിഞ്ഞ 20ന് രാത്രി പത്തുമണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാതുകള്‍ അറുത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മരിക്കുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയുമായിരുന്നു.

സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍, പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി.ആര്‍.ഒ ആയ ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ഫ്ളാറ്റിലെത്തിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ചിക്കുവിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ ഇതുവരെയും കസ്റ്റഡിയില്‍ ലഭിച്ചതായി സ്ഥിരീകരണമില്ല . ചിക്കുവും ഭര്‍ത്താവും താമസിച്ചിരുന്ന ഫ്‌ലാറ്റിലെ അയല്‍വാസിയായ പാക് സ്വദേശി കസ്റ്റഡിയില്‍ ഉണ്ടെങ്കിലും സംഭവത്തില്‍ ഇയാള്‍ക്ക് ഇത്രമാത്രം ബന്ധമുണ്ടെന്ന് വ്യക്തമായിട്ടില്ല .

അതേസമയം കൊലപാതക കാരണം മോഷണമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട് . പ്രതിയെ പോലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് . ദമ്പതികളുമായി പ്രതിയ്ക്കുള്ള വൈരാഗ്യത്തിനുള്ള കാരണമാണ് പോലീസിനെ കുഴയ്ക്കുന്നത് . ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ഭര്‍ത്താവ് ലിന്‍സനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് . കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ സാന്നിധ്യത്തിലല്ലാതെ അന്വേഷണം മുന്‍പോട്ട് കൊണ്ടുപോകാന്‍ പോലീസിനു കഴിയില്ല . ഒമാനിലെ കീഴ്വഴക്കം അനുസരിച്ച് സാക്ഷികളെ അന്വേഷണം പൂര്‍ത്തിയാകും വരെ കസ്റ്റഡിയില്‍ നിന്നും വിട്ടുകൊടുക്കുക സാധ്യമല്ല .

Top