അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

വള്ളികുന്നം: പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി എന്‍.എ.അജാസ് പ്രത്യേക സ്വഭാവക്കാരനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍. ജോലിസ്ഥലത്ത് ഇയാള്‍ അല്‍പം ‘തലതിരിഞ്ഞ’ പ്രകൃതക്കാരനെന്ന് പരിചയക്കാര്‍ പറയുന്നു.

ഇവിടെ എത്തിയിട്ട് ഒരു വര്‍ഷമായെങ്കിലും സ്റ്റേഷനിലെ സഹപ്രവര്‍ത്തകരുമായി അടുപ്പം കുറവാണ്. തമാശകളിലോ ചര്‍ച്ചകളിലോ പങ്കുചേരാറില്ല. സേനയില്‍ അത്യാവശ്യമായ അച്ചടക്കവും അജാസിനില്ലെന്നാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്. കൊല്ലപ്പെട്ട സൗമ്യയെ തൃശൂരിലെ പരിശീലനകാലത്തു ഗ്രൗണ്ടില്‍ ഡ്രില്‍ ചെയ്യിച്ചിരുന്നത് അജാസാണെന്നു പറയുന്നു.

വിവാഹം വൈകുന്നതിനെക്കുറിച്ചു ചോദിച്ചവരോടു സഹോദരിയുടെ പുനര്‍ വിവാഹം നടത്താനുണ്ടെന്ന കാരണമാണ് അജാസ് പറഞ്ഞിരുന്നത്.കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. മുന്‍വൈരാഗ്യമാണെന്ന സൂചനയുണ്ട്. ‘2018 ജൂലായ് ഒന്നിനാണ് അജാസ് ടൗണ്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിയത്. കളമശേരി എ.ആര്‍ ക്യാംപില്‍ നിന്നും ലോക്കലിലേക്കു മാറുകയായിരുന്നു. ഒരാഴ്ച മുന്‍പു വീടുപണിയാണെന്നു പറഞ്ഞ് 15 ദിവസത്തെ അവധിയെടുത്തു.

പ്രത്യേകം പണിയിച്ച ആയുധങ്ങളുമായിട്ടാണ് കൊലപാതകത്തിന് തയ്യാറായി അജാസ് എത്തിയത്. വ്യക്തമായ ആസൂത്രണം നടത്തിയിരുന്നു എന്നാണ് പൊലീസ് നിഗമനം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയില്‍ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്.

സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു.

അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്ടമായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.

Top