ആശ്വാസം, മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. സ്വീകരിക്കാനെത്തിയത് മന്ത്രിമാരുള്‍പ്പടെ വന്‍ ജനാവലി

യുക്രെയ്ന്‍ – റഷ്യ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്ത് കുടുങ്ങിപ്പോയ 82 വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബയ് വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്.
കൊച്ചിയിലെത്തിയ ആദ്യ സംഘത്തില്‍ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നത്. 19 പേര്‍ തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ വിമാനമിറങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമ്പാശ്ശേരിയില്‍ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും വിദ്യാര്‍ഥികളെ സ്വീകരിച്ചു.

യുക്രൈനില്‍ നിന്ന് എല്ലാ വിദ്യാര്‍ഥികളെയും നാട്ടിലെത്തിക്കാന്‍ വേണ്ട ആശയവിനിമയം കേന്ദ്രസര്‍ക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്ന് മന്ത്രി ശിവന്‍ കുട്ടി അറിയിച്ചു.

25 മലയാളി വിദ്യാര്‍ഥികളാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഉച്ചയോടെ ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളാണ് ചെന്നൈ വഴിയും ഹൈദരാബാദ് വഴിയും തലസ്ഥാനത്തെത്തിയത്.

ഡല്‍ഹിയില്‍ നിന്നും ചെന്നൈ വഴി എത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ 19 വിദ്യാര്‍ഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തില്‍ ആറുപേരുമാണ് ഉള്‍പ്പെട്ടിരുന്നത്. ആദ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നുള്ള 11 പേരും ഉള്‍പ്പെട്ടിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവര്‍ തിരുവനന്തപുരം ജില്ലക്കാരാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായി തങ്ങളെ നാട്ടിലെത്തിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇനിയും കുറെ വിദ്യാര്‍ഥികള്‍ പടിഞ്ഞാറന്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

രക്ഷിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തിയിരുന്നത്. മുംബൈയില്‍ എത്തിയ വിദ്യാര്‍ഥികളെ നോര്‍ക്കയുടെ മേല്‍ നോട്ടത്തിലായിരുന്നു നാട്ടിലെത്തിച്ചത്. ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ നല്‍കിയിരുന്നു.

Top