ആലപ്പുഴ: ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തുമ്പമണ്‍ മുള്ളുപാലയ്ക്കല്‍ അനു ശിവരാമന്‍(30) ആണ് ഇന്നലെ രണ്ട് മണിയോടെ മരിച്ചത്. അനുവിന്റെ ജീവന്‍ രക്ഷിക്കാനായി നല്ലവരായ നാട്ടുകാരുടെ ശ്രമം പാതിവഴിയിലെത്തി നില്‍ക്കുമ്പോഴാണ് അനുവിനെ മരണം കവര്‍ന്നെടുത്തത്.
അഞ്ചു മാസം മുന്‍പായിരുന്നു ഒമാനില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് അനുവിന് പരിക്ക് പറ്റിയത്. നട്ടെല്ലിനു ഗുരുതരമായി പരുക്കുപറ്റി അനു കിടപ്പിലായി. നിര്‍ധന കുടുംബാംഗമായ അനുവിന്റെ തുടര്‍ചികില്‍സയ്ക്കായി ഇതോടെ നാട്ടുകാരൊന്നടങ്കം രംഗത്തെത്തുകയായിരുന്നു.
മാതാപിതാക്കളും ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബത്തിന് അനുവിന്റെ ചികില്‍സാ ചെലവ് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനുവിന്റെ ചികില്‍സാ ചെലവ് 29 ലക്ഷത്തോളം രൂപ എത്തിയിരുന്നു. അതില്‍ 17 ലക്ഷത്തോളം രൂപ സുമനസ്സുകളുടെ സഹായത്തോടെ അടച്ചു. അനുവിന്റെ മൃതദേഹം വിട്ടു കിട്ടണമെങ്കില്‍ ചികില്‍സാച്ചെലവിന്റെ ബാക്കി തുകയായ 12 ലക്ഷം രൂപ ആശുപത്രിയില്‍ അടയ്ക്കണം. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോള്‍ തുമ്പമണ്‍ നിവാസികള്‍.
തുടര്‍ചികില്‍സയ്ക്കു പണം സ്വരൂപിക്കുന്നതിനു പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് ടി. വര്‍ഗീസ്, രഘു പെരുമ്പുളിക്കല്‍, ബാബു വര്‍ഗീസ്, ഉമ്മന്‍ ചക്കാലയില്‍, കെ. പി. മോഹനന്‍, പ്രഫ. തുമ്പമണ്‍ രവി എന്നിവരുടെ നേതൃത്വത്തില്‍ തുമ്പമണ്ണിലെ 13 വാര്‍ഡുകളിലെയും അംഗങ്ങളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇന്നു മുതല്‍ എല്ലാ വീടുകളും സന്ദര്‍ശിച്ചു ചികില്‍സ സഹായം സ്വരൂപിക്കാന്‍ തയാറെടുപ്പു നടത്തി വരവെയാണ് അനുവിന്റെ മരണം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. ഭാര്യ : ബിന്ദു. മക്കള്‍ : ആര്യനന്ദ, അളകനന്ദ. മാതാവ്. ലളിത എസ്. നായര്‍.