
കേരളം അസാധാരണമായ പ്രളയക്കെടുതി അനുഭവിക്കുമ്പോള്‍ ദുരിതബാധിതര്‍ക്ക് സഹായവുമായി മലയാളം സോഷ്യല്‍ മീഡിയ. ദുരന്തത്തില്‍ പെട്ടുപോയവര്‍ക്ക് താങ്ങും തണലുമേകിയാണ് സോഷ്യല്‍ മീഡിയ മുന്നേറുന്നത്. സാധാരണ വെല്ലുവിളികളും വാഗ്വാദങ്ങളും അപ്പാടെ മാറ്റിവച്ചാണ് അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ ഒത്തൊരുമിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരുടെ വിവരങ്ങള്‍ കൈമാറാനും രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കാനും ഫെയ്സ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്നു. വിവിധയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ബന്ധപ്പെട്ടവരെ ഇതുവഴി അറിയിക്കുന്നത്. ഇതിനിടെ, സുരക്ഷിത സ്ഥാനങ്ങളിലുള്ളവരും തങ്ങളാല്‍ കഴിയുന്ന സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
നമ്മള്‍ അതിജീവിക്കും എന്ന ഹാഷ്ടാഗോടെയാണ് പല പോസ്റ്റുകളും വരുന്നത്. എഴുതുന്ന കാര്യങ്ങളില്‍ കൃത്യത വരുത്തിയവയെ വെരിഫൈഡ് എന്ന ഹാഷ്ടാഗിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ മാതൃകാപരമായ ഇടപെടലാണ് മലയാളികള്‍ നടത്തുന്നത്. അനാവശ്യ ഭീതി ജനിപ്പിക്കാതിരിക്കാനും ആശ്വാസമേകാനും ശ്രമം നടക്കുന്നുണ്ട്.
ദുരിതബാധിതരെ സ്വന്തം വീടുകളിലേക്ക് ക്ഷണിച്ചും സൗജന്യ റീചാര്‍ജ് ഉറപ്പുനല്‍കിയും ഒട്ടേറെ പോസ്റ്റുകളാണ് ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് തങ്ങളുടെ ഔദാര്യമല്ലെന്നും കടമയാണെന്നും പോസ്റ്റുകളില്‍ പറയുന്നു. പലയിടത്തും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യവസ്തുക്കള്‍ സ്വരൂപിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്. പ്രവാസികളടക്കമുള്ളവര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നു. അതെ, കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുകയാണ്.