ബംഗാളില്‍ രാഷ്ട്രീയ കാലാവസ്ഥ കലങ്ങി വറിയുകയാണ്. സംഘര്‍ഷങ്ങളുടെ വേലിയേറ്റമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രിയായ മമതയ്‌ക്കെതിരെ ഉയര്‍ന്ന ഏറ്റവും ഒടുവിലത്തെ പ്രതിഷേധം, ഒരു ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിച്ചതിന്റെ പേരിലാണ്. സ്വാഭാവിക രോഷമാണെന്നും ഇല്ല ബിജെപി തിരശ്ശീലയ്ക്കു പിന്നില്‍ ആസൂത്രണം ചെയ്തതാണെന്നും രണ്ടഭിപ്രായം നിലനില്‍്കകുന്നു. എതായാലും മമതയ്‌ക്കെതിരായി അഖിലേന്ത്യാതലത്തില്‍ പ്രതിഷേധമുയര്‍ന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 38 സീറ്റില്‍ 22 സീറ്റിലാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. 2014 ല്‍ 34 സീറ്റിലായിരുന്നു പാര്‍ട്ടിയുടെ വിജയം. അതേസമയം മറുവശത്ത് പല പ്രവചനങ്ങളേയും മറികടന്നുകൊണ്ടുള്ള മുന്നേറ്റമായിരുന്നു ബിജെപി കാഴ്ച്ച വെച്ചത്. 2014 ല്‍ 2 സീറ്റ് മാത്രമുണ്ടായിരുന്നു ബിജെപിക്ക് ഇത്തവണ ബംഗാളില്‍ നിന്ന് ലഭിച്ചത് 18 സീറ്റാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ബംഗാളില്‍ അവര്‍ നടത്തിയത്.
അത് വര്‍ഷങ്ങളായി ബിജെപി ബംഗാളില്‍ നടപ്പാക്കിക്കൊണ്ടിരുന്ന ധ്രുവീകരണത്തിന്റെ വിജയമായിരുന്നു. മാത്രമല്ല, തൃണമൂലിന്റെ കയ്യൂക്കുരാഷ്ട്രീയത്തെ ചെറുക്കാനുള്ള ശക്തി, സിപിഎമ്മിനോ കോണ്‍ഗ്രസിനോ അല്ല, തങ്ങള്‍ക്കാണെന്നു ജനങ്ങളെ വിശ്വസിപ്പിച്ചതിലൂടെ ഭരണവിരുദ്ധവോട്ടുകള്‍ ബിജെപിക്കു നേടാനായി.
സിപിഎം ക്ഷയിച്ചുകൊണ്ടേയിരിക്കുന്നു. 2014ല്‍ 2 സീറ്റും 30% വോട്ടും നേടിയ ഇടതുമുന്നണിക്ക് ഇത്തവണ സീറ്റൊന്നും കിട്ടിയില്ല; വോട്ട് ശതമാനം 7.5 ആയി കുറഞ്ഞു. ഇടതു വോട്ടര്‍ എവിടെപ്പോയി എന്ന ചോദ്യത്തിന് ഹിന്ദു – സിഎസ്ഡിഎസ് – ലോക്‌നീതിയുടെ, തിരഞ്ഞെടുപ്പിനു ശേഷമുള്ള സര്‍വേ ഉത്തരം തരുന്നുണ്ട്. പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാരില്‍ 40% പേര്‍ ബിജെപിക്ക് വോട്ട് ചെയ്തു; 33% പേര്‍ തൃണമൂലിനും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സെമിഫൈനല്‍ മാത്രമാണെന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥ ഫൈനല്‍ 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണെന്നും പാര്‍ട്ടി പ്രഖ്യാപിക്കുന്നു. എന്തുവിലകൊടുത്തും സംസ്ഥാന പിടിച്ചടക്കുമെന്നുറപ്പിച്ച് തന്നെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുന്നത്. തൃണമൂലിന്റെ കയ്യൂക്ക് രാഷ്ട്രീയത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി തീരുമാനം.
മമതക്കെതിരെ ഉയരുന്ന ഏതൊരും പ്രതിഷേധങ്ങളേയും ബിജെപി സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ട്. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന് മുട്ടുമടക്കേണ്ടി വന്നതിന് സമാനമായാണ് ഡോക്ടര്‍മാരുടെ സമരത്തില്‍ മമത ബാനര്‍ജ്ജിക്ക് നിരുപാധികം കീഴടങ്ങേണ്ടി വന്നതിനെ പലരും വിലയിരുത്തുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ശേഷിക്കുന്ന രണ്ട് വര്‍ഷങ്ങള്‍ ബംഗാള്‍ രാഷ്ട്രീയം കൂടുതല്‍ പ്രക്ഷുബ്ധമായേക്കും. എന്തെല്ലാം തന്ത്രങ്ങള്‍ പ്രയോഗിച്ചാലാണ് മമതക്ക് ആ പോരാട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയെന്ന് കണ്ടറിയേണ്ടതുണ്ട്.