കൊച്ചി: നടി പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്.
മമ്മൂട്ടിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വതിക്കെതിരെ തെറിവിളികള്‍ വിവിധ കോണുകളില്‍ നിന്നും ശക്തമായി ഉണ്ടായി. ഇതിന് ഒരു സംഘടിത സ്വഭാവവും ഉണ്ടായിരുന്നു. നടി പരാതി നല്‍കില്ലെന്ന ധൈര്യമായിരുന്നു ഫാന്‍സുകാര്‍ക്കുണ്ടായത്. എന്നാല്‍, പാര്‍വതി പരാതി നല്‍കുകയും ഇതില്‍ അന്വേഷണവുമായി രംഗത്തെത്തിയ പൊലീസ് രണ്ട് ഫാന്‍സുകാരെ അറസ്റ്റു ചെയ്യുകയുമുണ്ടായി.
അറസ്റ്റു നടപടികളിലേക്ക് കാര്യങ്ങള്‍ കടന്നതോടെ മൗനം വെടിഞ്ഞ മമ്മൂട്ടി ആരാധകരെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തി. തനിക്കുവേണ്ടി സംസാരികാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമായതോടെ ആവേശത്തോടെ സൈബര്‍ ആക്രമണം നടത്തിയ ഫാന്‍സുകാര് നിരാശരായി. പാര്‍വതിക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായ സ്വാതന്ത്ര്യം. സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ പാര്‍വതിയെ വിളിച്ച് പിന്തുണ അറിയിച്ചിരുന്നതായും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ല. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ലെന്നും അര്‍ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി വിശദീകരിക്കുകയുണ്ടായി. മമ്മുട്ടിയുടെ നിലപാട് പുറത്തുവന്നതോടെ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന പൊതുവികാരണാണ് മമ്മൂട്ടി ഫാന്‍സുകാര്‍ക്കുള്ളത്. അറസ്റ്റിലായവര്‍ക്ക് നിയമസഹായം പോലും നല്‍കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്. യുവത്വത്തിന്റെ വികാരത്തില്‍ താരത്തിന് വേണ്ടി രംഗത്തിറങ്ങിയവരാണ് ഇപ്പോള്‍ ശരിക്കും കുടുങ്ങിയത്. അറസ്റ്റിലായ പ്രിന്റോ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ മെമ്പറായിരിക്കേ തന്നെയാണ് ഈ കൃത്യം ചെയ്തത്. ഇയാളെ തള്ളിപ്പറയുന്ന നിലപാടാണ് മമ്മൂട്ടി ഫാന്‍സുകാരും സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ പ്രഖ്യാപനത്തോടെ ഇളിഭ്യരായവരുടെ കൂട്ടത്തില്‍ ചില നടന്മാരും സംവിധായകരുമുണ്ട്. ഇതില്‍ പ്രധാനികള്‍ നടന്‍ സിദ്ധിഖും സംവിധായകന്‍ ജൂഡ് ആന്റണിയുമാണ്. ഇരുവരുമാണ് മമ്മൂട്ടിയെ പിന്തുണച്ച് നടിയെ അധിക്ഷേപിച്ചെത്തിയത്. മമ്മൂട്ടിയുടെ ഇക്കാര്യത്തിലുള്ള ആദ്യ പ്രതികരണം പുറത്തുവരുന്നത് സിദ്ദിഖിലൂടെയായിരന്നു. സിദ്ദീഖ് ഇതുസംബന്ധിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. ‘പാര്‍വതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാന്‍ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, ‘കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ.’ എന്നായിരുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്.
പാര്‍വതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടര്‍ന്നുണ്ടാകുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേയെന്ന ചോദ്യവും സിദ്ദിഖ് ഉന്നയിക്കുന്നു. ഇന്നിപ്പോള്‍ മറ്റൊരു സഹോദരിയും രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍വതിയെ എതിര്‍ക്കുന്നവരെ അടക്കി നിര്‍ത്തണമെന്ന് പറഞ്ഞു കൊണ്ട്. മമ്മൂട്ടിക്ക് അതാണോ പണി..? മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാര്‍വതി തന്നെയല്ലേ ? അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത അല്ലെങ്കില്‍ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാര്‍വതിക്ക് തന്നെയാണെന്നും സിദ്ദിഖ് സമൂഹമാധ്യമത്തിലിട്ട കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാര്‍വതിയെ തെറി വിളിച്ചത്. അതിനുള്ള വഴി ഒരുക്കി കൊടുത്തത് പാര്‍വതി തന്നെയല്ലേ. അപ്പൊ അവരെ അടക്കി നിര്‍ത്താനുള്ള ബാദ്ധ്യത പാര്‍വതിക്കു തന്നെയാണ്…’ പോസ്റ്റില്‍ സിദ്ദിഖ് പറയുന്നു. പാര്‍വതിയുടെ അത്രയും അറിവോ ഇംഗ്ലീഷ് പരിജ്ഞാനമോ അഭിനയശേഷിയോ തനിക്കില്ലെന്നും ആകെ ഉള്ളത് ആ കുട്ടിയുടെ അച്ഛന്റെ പ്രായം മാത്രമാണെന്നും സിദ്ദിഖ് പറയുന്നു. നമ്മളൊക്കെ ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരല്ലേ അവിടെ ഞങ്ങള്‍ പെണ്ണുങ്ങള്‍, നിങ്ങള്‍ ആണുങ്ങള്‍ എന്നൊക്കെ വേണോ? നമ്മള്‍ നമ്മള്‍ എന്ന് മാത്രം പോരേയെന്നും സിദ്ദിഖ് ചോദിച്ചിരുരുന്നു.