തൊടുപുഴ: അഞ്ച് വര്‍ഷമായി തങ്ങളെ സഹായിക്കുന്ന മഹാനടനെ നേരില്‍ കാണാന്‍ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറിയുമായി അവരെത്തി. മൂന്നാര്‍ കുണ്ടള മുതുവാക്കുടിയിലെ ആദിവാസികള്‍ക്കു നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കാര്‍ഷിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനായാണ് ആദിവാസികള്‍ മലയാളത്തിന്റെ മഹാനടന്റെ അടുത്തെത്തിയത്. മൂന്നാര്‍ ട്രൈബല്‍ ജനമൈത്രി പോലീസില്‍നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പൂര്‍വികം പദ്ധതി വഴി സഹായമെത്തിച്ചത്. ഉപകരണങ്ങള്‍ സ്വീകരിക്കാനായി എ.കെ. ചിന്നസ്വാമിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം മമ്മൂട്ടി അഭിനയിക്കുന്ന പരോള്‍ എന്ന സിനിമയുടെ മുട്ടം മലങ്കരയിലുള്ള ഷൂട്ടിങ് സെറ്റിലെത്തുകയായിരുന്നു.
അഞ്ചുവര്‍ഷമായി തങ്ങള്‍ക്കു സഹായമെത്തിക്കുന്ന പ്രിയ നടനെ നേരില്‍ കണണമെന്ന് ഊരുമൂപ്പന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണു ഷൂട്ടിങ് ലൊക്കേഷനില്‍ സൗകര്യമൊരുക്കിയത്. 109 കുംബങ്ങളാണു കുണ്ടളക്കുടിയിലുള്ളത്. എല്ലാവര്‍ക്കും തന്നെ നാലേക്കറിലധികം പട്ടയ ഭൂമിയുണ്ട്. കാരറ്റ്, കാബേജ്, ബീന്‍സ്, ഗ്രീന്‍പീസ്, ബട്ടര്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറിയാണ് ഇവരുടെ മുഖ്യകൃഷി. പലപ്പോഴും ആവശ്യത്തിന് കാര്‍ഷികോപകരണങ്ങള്‍ ഇവര്‍ക്കു ലഭ്യമായിരുന്നില്ല. കൃഷിയില്‍നിന്നു നീക്കിയിരുപ്പിനുള്ള വരുമാനം കിട്ടാത്തതിനാല്‍ വന്‍ വില കൊടുത്ത് ഉപകരണങ്ങള്‍ വാങ്ങാനുമായിരുന്നില്ല. ഇതോടെ പലരുടേയും കൃഷി മുടങ്ങുമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഇക്കാര്യം കുടികളില്‍ പരിശോധനയ്ക്കെത്തിയ ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു.
ഇതോടെയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം ജനമൈത്രി പോലീസ് തുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പ് ഇതേ കുടിയിലെ ആദിവാസികളുമായി മുഖാമുഖം നടത്തി മമ്മൂട്ടി ഇവരുടെ വിഷമതകള്‍ മനസിലാക്കിയിരുന്നു. ജനമൈത്രി പോലീസ് കെയര്‍ ആന്‍ഡ് ഷെയര്‍ ഭരവാഹികള്‍ വഴി മമ്മൂട്ടിയുമായി ബന്ധപ്പെട്ടു. ഉടന്‍ സഹായമെത്തിക്കാമെന്നു മമ്മൂട്ടി വാഗ്ദാനം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു കുടിയില്‍നിന്നുള്ള സന്തോഷ്, വാസു, ജയകുമാര്‍, അയ്യനാര്‍, മണി, പരമേശ്വര്‍, രാജു, രാമകൃഷ്ണന്‍, എസ്.ടി. പ്രമോട്ടറും കോളനി നിവാസിയുമായ സെന്തില്‍കുമാര്‍ എന്നിവര്‍ മുട്ടത്തെത്തിയത്. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇര്‍ഷാദ്, എസ്.ഐ: പി.എം. സോമന്‍, പോലീസ് ഓഫീസര്‍മാരായ എ.എം. ഫക്രുദ്ദിന്‍, വി.കെ. മധു, എ.ബി. ഖദീജ, കെ.എം. ശൈലജാ മോള്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് പോലീസ് വാഹനത്തിലാണ് ഇവരെത്തിയത്.
ഷൂട്ടിങ് സെറ്റിലെത്തിയ ആദിവാസികളോട് മമ്മൂട്ടി വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. ഷൂട്ടിങ് കാണണമെന്ന ആഗ്രഹവും ഇവര്‍ക്കു സാധിച്ചു കൊടുത്തു. മമ്മൂട്ടിക്കായി കൊണ്ടുവന്ന പച്ചക്കറി അവര്‍ കൈമാറി. ചടങ്ങില്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ചെയര്‍മാന്‍ കെ. മുരളീധരന്‍, എം.ഡി. ഫാ. തോമസ് കുര്യന്‍, ഡയറക്ടര്‍മാരായ റോബര്‍ട്ട് കുര്യാക്കോസ്, എസ്. ജോര്‍ജ് എന്നിവരും പങ്കെടുത്തു. ഇടമലക്കുടി, കുണ്ടളക്കുടി എന്നിവടങ്ങളിലെ ആദിവാസികള്‍ക്കു വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നു മമ്മൂട്ടി അറിയിച്ചു. ഇടുക്കിയിലെ എല്ലാ ആദിവാസിക്കുടികളിലും കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ടെന്നും മമ്മൂട്ടി സൂചിപ്പിച്ചു.