യു.പി.യിൽ ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടി; ബന്ധുവിനെ തല്ലിക്കൊന്നു

ലക്നൗ ∙ മുസ്‍ലിം യുവാവിനൊപ്പം ഹിന്ദു പെൺകുട്ടി ഒളിച്ചോടിയ സംഭവത്തിൽ അകന്ന ബന്ധുവായ ഗൃഹനാഥനെ ഉത്തർപ്രദേശിൽ പത്തംഗ സംഘം തല്ലിക്കൊന്നു. ബുലന്ദ്ഷറിലാണ് സംഭവം. നാൽപത്തിയഞ്ചുകാരനായ ഗുലാം മുഹമ്മദാണ് മർദനത്തിൽ കൊല്ലപ്പെട്ടത്. മൂന്നുപേരെ അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2002 ൽ സ്ഥാപിച്ച ഹിന്ദു യുവ വാഹിനി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. ഹിന്ദു യുവ വാഹിനി പ്രവ‍ത്തകർക്കും ബിജെപി അനുഭാവികൾക്കും എതിരെ കേസെടുത്തതായി ബുലന്ദ്ഷര്‍ എസ്.പി. മാന്‍സിങ് ചൗഹാന്‍ അറിയിച്ചു. ഏപ്രിൽ 27ന് പത്തൊമ്പതുകാരനായ യൂസഫ് പതിനെട്ടുകാരി ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതാണ് സംഭവങ്ങൾക്കു തുടക്കമെന്ന് എഡിഎം അരവിന്ദ് കുമാർ മിശ്ര പറഞ്ഞു. യൂസഫിന്റെ അകന്ന ബന്ധുവാണ് കൊല്ലപ്പെട്ട ഗുലാം. പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്താൻ സാധിച്ചില്ല. ഒളിവിൽ പോയ ഇവരെപ്പറ്റി ഗുലാമിന് അറിയാമെന്നു കരുതിയാണ് സംഘം ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാവിക്കൊടികൾ കൊണ്ടു മുഖം മറച്ചു ബൈക്കിലാണ് ആക്രമികൾ എത്തിയതെന്ന് ഗുലാം മുഹമ്മദിന്റെ മൂത്തമകൻ യാസിൻ അഹമ്മദ് പറഞ്ഞു. നാലു മുസ്‍ലിം കുടുംബങ്ങളേ ഇവിടെയുള്ളൂ. ഈ സംഭവത്തോടെ ഭയം കാരണം എല്ലാവരും നാടു വിടാനൊരുങ്ങുകയാണ്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോഴും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും യാസിൻ വിശദീകരിച്ചു. ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഹിന്ദു യുവ വാഹിനിയുടെ പ്രവ‍ർത്തനങ്ങൾ കൂടിയതെന്നും സംഘടനയിൽ അംഗമാകണമെന്നു പലതവണ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഗുലാമിന്റെ ഇളയമകൻ വാകിൽ പറഞ്ഞു.

ഇങ്ങനൊരു സംഭവം ആദ്യമാണെന്നും പ്രതിച്ഛായ കളഞ്ഞെന്നുമാണ് മുതിർന്ന ഗ്രാമവാസിയായ രാജ്ബിർ സിങ് പ്രതികരിച്ചത്. യോഗി മുഖ്യമന്ത്രിയായ ശേഷം ഹിന്ദു യുവ വാഹിനിയുടെ ആക്രമണങ്ങൾ കൂടിയെന്നും സംഘടനയെ നിരോധിക്കണമെന്നും സമാജ്‍വാദി പാർട്ടി അഭിപ്രായപ്പെട്ടു.

Top