കൊച്ചി: പ്രളയക്കെടുതിയ അതിജീവിക്കുവാന്‍ സഹായഹസ്തവുമായി ധാരാളം പേര്‍ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇതിനോടകം അനേകം പേര്‍ തങ്ങളാലാകുന്ന സംഭാവന നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ പേരിലും ഒരു പ്രശ്‌നം ഉടലെടുത്തിരിക്കുകയാണ്. മലയാള സിനിമയിലെ താര സംഘടനയായ എ.എം.എം.എ. നല്‍കിയ സംഭാവനയാണ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.
താരസംഘടനയായ എ.എം.എം.എ. തങ്ങളുടെ വകയായി പത്ത് ലക്ഷം രൂപയാണ് മുഖ്യമന്ത്രിക്ക് സഹായമായി നല്‍കിയത്. തമിഴ് സിനിമാ താരങ്ങളായ കമല്‍ഹാസന്‍ 25 ലക്ഷം നല്‍കി. താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിക്കും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇത്തരത്തില്‍ തമിഴ് സിനിമാ നടന്‍മാര്‍ തങ്ങളുടേതായ സംഭാവന നല്‍കിയത് ആരാധകരെ എ.എം.എം.എക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.
500 അംഗങ്ങളുള്ള മലയാള താരസംഘടന ഒരാള്‍ക്ക് രണ്ടായിരം രൂപ വച്ച് എടുത്താല്‍ കിട്ടുന്ന തുക മാത്രമേ സംഭാവന നല്‍കിയുള്ളൂ എന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസത്തിനായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് താരങ്ങള്‍ നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിനിടയില്‍ മാവേലിക്കര സ്വദേശിയായ അഡ്വ. മുജീബ് റഹ്മാന്‍ എന്ന വ്യക്തി കടുത്ത രൂപത്തിലുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
താര സംഘടന നല്‍കിയ പത്ത് ലക്ഷം രൂപ തിരികെ നല്‍കിക്കൊണ്ടാണ് മുജീബ് റഹ്മാന്‍ രംഗത്തെത്തിയിരിക്കുന്നത്. ദാരിദ്ര്യമനുഭവിക്കുന്ന താര സംഘടനയെ സഹായിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം 10 ലക്ഷത്തിന്റെ ചെക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന്റെ പേരില്‍ അയച്ചിരിക്കുന്നത്. സഹായിച്ചില്ലെങ്കിലും മലയാളികളെ അപമാനിക്കരുതെന്നും ഇയാള്‍ അപേക്ഷിക്കുന്നു.
എന്നാല്‍ എ.എം.എം.എ അംഗങ്ങള്‍ കൂട്ടായി സംഘടനയുടെ പേരില്‍ പിരിച്ചെടുത്ത സംഭാവനയാണ് ഇപ്പോള്‍ നല്‍കിയ പത്ത് ലക്ഷം രൂപ. താരങ്ങള്‍ വ്യക്തിപരമായി നല്‍കുന്ന സഹായം ഓരോരുത്തരും പ്രത്യേകം നല്‍കാനാണ് സാധ്യത. എന്നാല്‍ പിരിച്ചെടുത്ത പത്ത് ലക്ഷം വിവാദമായിരിക്കുകയാണിപ്പോള്‍.