തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഗുണ്ടാ ആക്രമണവും അരുംകൊലയും. തിരുവനന്തപുരം ആനയറയിലാണ് യുവാവ് വെട്ടേറ്റ് മരിച്ചത്. ആനയറ സ്വദേശി കൊച്ചുകുട്ടനെന്ന് അറിയപ്പെടുന്ന വിപിന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേരത്തെ ഒരു കൊലക്കേസില്‍ മുഖ്യപ്രതിയായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പോലീസ് വ്യക്തമാക്കി.
ഇയാള്‍ക്ക് നേരെ മുമ്പും ഇത്തരത്തില്‍ ആക്രമണമുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ വിപിനെ ഓട്ടം വിളിച്ച ശേഷമാണ് ആറംഗ സംഘം കൊലപ്പെടുത്തിയത്. രാത്രി ഒരു മണിക്കാണ് സംഭവം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വിശദീകരിക്കുന്നു.
പ്രതികളെ എത്രയും വേഗം പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്. ഉപതെരഞ്ഞെടുപ്പിന് തലേദിവസമാണ് കൊലപാതകം നടന്നതെന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. എന്നാൽ ഇതിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. കാരാളി അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. മുമ്പ് ഐഎൻടിസിയുവിൽ വിപിൻ പ്രവർത്തിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുമ്പ് മറ്റൊരു ഗുണ്ടാസംഘവും കൊച്ചുകുട്ടനുമായി പ്രശ്നമുണ്ടായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ കൊച്ചുകുട്ടനെ നഗരത്തിൽ നിന്ന് ആനയറ ഭാഗത്തേക്കു ഓട്ടംവിളിച്ചുകൊണ്ടുവന്നാണ് കൊലപ്പെടുത്തിയത്. ഓട്ടോയും തല്ലിത്തകർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് സംശയിക്കുന്ന മുരുകൻ ഉൾപ്പെടെ നാലുപേരും ഒളിവിലാണ്. ആനയറ ലോർഡ്സ് ഹോസ്പിറ്റലിനു സമീപമാണ് റോഡരികിൽ വിപിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. വിമാനത്താവളത്തോട് ചേർന്ന ട്രാവൻകൂർ മാളിന് സമീപത്ത് നിന്നാണ് രാത്രി വിപിൻ ഓട്ടം പോയത്.