തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ കെണിയുടെ അടിസ്ഥാനത്തില്‍ മംഗളം ചാനലിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ കെണി സംഭാഷണം സംപ്രേഷണം ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് തെളിഞ്ഞിരുന്നു ഗുരുതര ക്രിമിനല്‍ ഗൂഡാലോചന നടത്തിയ ചാനല്‍ കമ്പനിയെയും ചാനലിന്റെ സി.ഇ.ഒയെയും പ്രോസിക്യൂട്ട് ചെയ്യും.
കഴിഞ്ഞ ദിവസം പി.എസ് ആന്റണി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇത് വിശദീകരിച്ചത്. ഇതടക്കം 16 ശുപാര്‍ശകളാണ് കമ്മിഷന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ശബ്ദരേഖാ പ്രസിദ്ധീകരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീഫ് ഓഫീസറായ ആര്‍.അജിത്കുമാറിനാണ്. ഉദ്ഘാടന ദിവസം തന്നെ ഒളികാമറ റിപ്പോര്‍ട്ട് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇക്കാര്യം ചാനലില്‍ ഇദ്ദേഹം തന്നെയാണ് അവതരിപ്പിച്ചത്. ചാനല്‍ നടത്തിയത് സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ്.