കൊച്ചി:രാമലീല പ്രേക്ഷകർ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ.വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടയിരിക്കരുതെന്നും പറഞ്ഞുകൊണ്ട് ദിലീപ് ചിത്രം എന്നതിന്റെ പേരില്‍ രാമലീലയ്‌ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് മഞ്ജുവാര്യര്‍ രംഗത്ത് . ദിലീപ് ചിത്രം എന്നതിന്‍റെ പേരിൽ രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമർശിച്ച് മഞ്ജുവാര്യർ. രാമലീല ബഹിഷ്കരിക്കണമെന്ന ആഹ്വാനം ദൗർഭാഗ്യകരമാണെന്ന് മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
രാമലീലയ്ക്കെതിരായ ആക്രോശം തീയറ്റർ കത്തിക്കണമെന്ന ആഹ്വാനത്തിൽ വരെയെത്തി. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളുടേതല്ലെന്നും ഒരുപാട് പേരുടേതാണെന്നും മഞ്ജു ഓർമിപ്പിച്ചു. രാമലീല വർഷങ്ങളായി സിനിമ മാത്രം മനസിലിട്ട് നടക്കുന്ന ഒരു യുവസംവിധായകന്‍റേത് കൂടിയാണ്.സിനിമ തീയറ്ററിൽ എത്തണമെന്നും അത് പ്രേക്ഷകർ കാണണമെന്നും അതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ആഗ്രഹിക്കാൻ അവകാശമുണ്ട്. അത് നിഷേധിക്കാൻ നമ്മുക്ക് അധികാരമില്ല. അങ്ങനെ ചെയ്താൽ അത് സിനിമയോട് ചെയ്യുന്ന അനീതിയാണെന്നും കാലം മാപ്പ് തരില്ലെന്നും മഞ്ജുവാര്യർ ഓർമിപ്പിച്ചു. രാമലീല പ്രേക്ഷകർ കാണട്ടെ കാഴ്ചയുടെ നീതി പുലരട്ടെ എന്ന വാക്യത്തോടെയാണ് മഞ്ജു കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഞ്ജു വാര്യരുടെ പോസ്റ്റ് :
ഇത് ഒരു ഉദാഹരണമാകരുത്…..
‘ഉദാഹരണം സുജാത’ ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ചു ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി. സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു…സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.
‘ഉദാഹരണം സുജാത’യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം. സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും.
സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ. ‘രാമലീല’, ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതുകൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരുവരാത്തവരുടേയുമാണ്. സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ…കാഴ്ചയുടെ നീതി പുലരട്ടെ…