കോട്ടയം: വർഷങ്ങളോളം പരിശ്രമിച്ചു വിജയിച്ച പാലാ സീറ്റ് ഒടുവിൽ കൈവിടാനൊരുങ്ങി എൻ.സി.പി. രാജ്യസഭാ സീറ്റ് പകരം നൽകിയാൽ പാലാ വിട്ടുകൊടുക്കാമെന്ന നിലപാടാണ് ഇപ്പോൾ മാണി സി.കാപ്പൻ അടക്കമുള്ള എൻ.സി.പി നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എൻ.സി.പിയുടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലാ സീറ്റിന്റെ കാര്യത്തിൽ എൻ.സി.പി വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നത്.
നിലവിലെ സാഹചര്യത്തിൽ എൻ.സി.പി നാലു സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ ഏറെ നിർണ്ണായകമായ സീറ്റ് പാലായാണ്. അൻപത് വർഷത്തോളം കെ.എം മാണി അനിഷേധ്യനായി മത്സരിച്ച പാലാ സീറ്റിൽ, മാണിയ്ക്കു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ എൻ.സി.പിയ്ക്കു വേണ്ടി മാണി സി.കാപ്പൻ തിരികെ പിടിക്കുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായത്. ഇതോടെയാണ് എൻ.സി.പിയിലും ഇടതു മുന്നണിയിലും തർക്കം ആരംഭിച്ചത്.
പാലാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത തർക്കം എൻ.സി.പിയിലും വിള്ളലിനു ഇടയാക്കിയിരുന്നു. എൻ.സി.പി പിളർപ്പിലേയ്ക്ക് എന്ന സൂചനയും ഇതിനിടെ പുറത്തു വന്നിരുന്നു. മന്ത്രി എ.കെ ശശീന്ദ്രൻ പക്ഷവും മാണി സി.കാപ്പൻ പക്ഷവും പ്രത്യേക യോഗവും ചേർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലും മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റ് വിട്ടു നൽകുന്നതു സംബന്ധിച്ചുള്ള ഉറപ്പൊന്നും എൻ.സി.പിയ്ക്കു നൽകിയില്ല. ഇതോടെയാണ് എൻ.സി.പി വിഷമവൃത്തത്തിലായത്. തുടർന്നു, പാലാ സീറ്റിന്റെ കാര്യത്തിലുള്ള അമിതമായ കടുപിടുത്തം ഉപേക്ഷിക്കാൻ എൻ.സി.പി തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. മാണി സി.കാപ്പനു രാജ്യസഭാ സീറ്റ് നൽകിയാൽ പാലായിലുള്ള അവകാശവാദം എൻ.സി.പി ഉപേക്ഷിച്ചേയ്ക്കും.