വയനാടുകാരുടെ സ്വന്തം കൊമ്പന്‍ മണിയന്‍ ചരിഞ്ഞു. ചെതലയം വെള്ളച്ചാട്ടത്തിനു സമീപത്തു വെച്ച് മറ്റ് കാട്ടാനകളുടെ ആക്രമണത്തില്‍ ആണ് മണിയന്‍ കൊല്ലപ്പെട്ടത്. വയറില്‍ കൊമ്പ് ആഴ്ന്നിറങ്ങി കുടല്‍ പുറത്തു വന്ന നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മണിയന്റെ വിയോഗമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് മണിയനെ സ്‌നേഹിക്കുന്ന നാട്ടുകാര്‍.
പുല്‍പ്പള്ളി ഇരുളം പാതയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്കെല്ലാം മണിയന്‍ പരിചിതനാണ്. അവനെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ല. ആകെയുള്ള പരാതി കടകളില്‍ നിന്ന് ഉപ്പെടുത്ത് തിന്നുമെന്നത് മാത്രമാണ്. ഒത്ത കൊമ്പനാനയായിരുന്നു അവന്‍. നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും മുറിഞ്ഞ വാലുമൊക്കെയായി അവന്‍ പുല്‍പ്പള്ളി ഇരുളം മേഖലയിലെ റോഡരികില്‍ തന്നെയുണ്ടായും. മനുഷ്യരുടെ സാമിപ്യം വിട്ട് അവനെങ്ങും പോകാറില്ലെന്നതാണ് സത്യം.
വൈകുന്നേരമായാല്‍ പതിയെ നടന്ന് ഇരുളത്തെ കടകള്‍ക്കടുത്തെത്തും. അതും കവലയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ ശേഷം മാത്രം. ഉപ്പു ചാക്കുകളാണ് ലക്ഷ്യം. അത് ചവിട്ടിപ്പൊട്ടിച്ച് അകത്താക്കും. അതു മാത്രമാണ് മണിയനെന്ന് നാട്ടുകാര്‍ വിളിക്കുന്ന ആ കാട്ടുകൊമ്പനെപ്പറ്റി ഇക്കാലമത്രയുമുള്ള പരാതിയും.രാത്രി റോഡരികില്‍ തന്നെ കാണും മണിയന്‍. വാഹനങ്ങള്‍ എത്തിയാല്‍ റോഡില്‍ നിന്ന് മാറി നിന്ന് കൊടുക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും മണിയന്റെ അടുത്തെത്താം. അവനെത്തൊടാം. അവനോട് ചങ്ങാത്തം കൂടാം. മണിയനെത്തിയാല്‍ ഇരുളത്തെ ഒട്ടുമിക്ക നാട്ടുകാരും ഒത്തുകൂടും. അവരവന് ചക്കയും വാഴപ്പിണ്ടിയും ഇല്ലിക്കൊമ്പുമൊക്കെ എത്തിച്ച് കൊടുക്കും. അതൊക്കെ തിന്ന് അവനങ്ങനെ നില്‍ക്കും.
മണിയന്‍ നാട്ടാനയായിരുന്നുവെന്നാണ് അവനെപ്പറ്റിയുള്ള ഒരു കഥ. ഉടമയുടെ തോട്ടത്തിന് ചുറ്റും വന്യമൃഗങ്ങള്‍ കയറാതിരിക്കാന്‍ വൈദ്യുത വേലി സ്ഥാപിച്ചിരുന്നുവത്രേ. അതില്‍ തട്ടി ഒരു കാട്ടുകൊമ്പന്‍ ചരിഞ്ഞു. കേസും വയ്യാവേലിയും പേടിച്ച് കാട്ടുകൊമ്പന് പകരം മണിയനെ ചങ്ങലയഴിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. ചരിഞ്ഞ കൊമ്പന്റെ കാലില്‍ ചങ്ങല കെട്ടി മണിയനുമാക്കി. കൊമ്പ് വനംവകുപ്പ് കൊണ്ടുപോയി. ഉടമയ്ക്ക് ഇന്‍ഷുറന്‍സും കിട്ടി. മണിയന്‍ കാട്ടനയുമായി. നാട്ടില്‍ വളര്‍ത്തിയ ആനയായതുകൊണ്ടാണ് മണിയന് മനുഷ്യരുമായി ഇത്ര അടുപ്പമെന്നാണ് ഇരുളത്തുകാര്‍ പറയുന്നത്.